ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് : സ്ഥിരീകരിക്കാതെ പൊലീസ് ; തിരക്കിട്ട കൂടിയാലോചനകള്‍

നാടുകുന്ന് മഠത്തിലെത്തി അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് : സ്ഥിരീകരിക്കാതെ പൊലീസ് ; തിരക്കിട്ട കൂടിയാലോചനകള്‍

കൊച്ചി : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ മണിക്കൂറുകള്‍ക്ക് ശേഷവും ഔദ്യോഗിക സ്ഥിരീകരണം ആയില്ല. ഉച്ചയ്ക്ക് മുതല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊലീസ് നടപടി വിശദീകരിച്ച് കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ എസ്പി ഇതുവരെ മാധ്യമങ്ങളെ വിവരം അറിയിക്കുകയോ, അറസ്റ്റ് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതായി അന്വേഷണ സംഘം ജലന്ധര്‍ പൊലീസിനെയും അഭിഭാഷകരെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും സൂചനയുണ്ട്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലില്‍ മൂന്നൂ ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. 

ഫ്രാങ്കോ മുളയ്ക്കലിനെ പാല മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിരുന്നു. ബിഷപ്പിന്റെ രണ്ട് ഉറ്റബന്ധുക്കളാണ് ജാമ്യക്കാരായി നില്‍ക്കുക. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങളോടും അറിയില്ല, ഓര്‍മ്മയില്ല തുടങ്ങിയ മറുപടികളാണ് ബിഷപ്പ് നല്‍കിയതെന്നാണ് സൂചന. ചോദ്യം ചെയ്യലിനിടെ എസ്പി ഹരിശങ്കര്‍ ക്ഷുഭിതനായതായും റിപ്പോര്‍ട്ടുണ്ട്. 

നാടുകുന്ന് മഠത്തിലെത്തി അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ്പ് കന്യാസ്ത്രീക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുത്തത്. കുറവിലങ്ങാട് എസ്‌ഐയുടെ നേതൃത്വത്തിലാണ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിന്റെ പല ഉത്തരങ്ങളും കളവാണെന്ന് പൊലീസിന് വ്യക്തമായതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം ദിനത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി കോട്ടയം എസ്പി ഹരിശങ്കറും റേഞ്ച് ഐജി വിജയ് സാഖറെയും ചര്‍ച്ച നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com