ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; കുറ്റം തെളിഞ്ഞെന്ന് പൊലീസ്, നാളെ കോടതിയില്‍ ഹാജരാക്കും

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ട്‌ മണിയോടെയാണ് അന്വേഷണ സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; കുറ്റം തെളിഞ്ഞെന്ന് പൊലീസ്, നാളെ കോടതിയില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രാത്രി  എട്ട്‌ മണിയോടെയാണ് അന്വേഷണ സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികളിലെ വൈരുധ്യമാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു.

ബിഷപ്പിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചുവെന്നും കന്യാസ്ത്രീയുടെ പരാതി സത്യമാണ് എന്ന് തെളിഞ്ഞതായും അന്വേഷണ സംഘം വെളിപ്പെടുത്തി. അല്‍പ്പ സമയത്തിനകം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. ബിഷപ്പിന്റെ ലൈംഗീക ശേഷിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഇന്ന് രാത്രി കോട്ടയത്ത് എത്തിക്കുന്ന ബിഷപ്പിനെ നാളെ രാവിലെയോടെ പാലാ കോടതിയില്‍ ഹാജരാക്കും.  ഇന്ന് കോട്ടയം പൊലീസ് ക്ലബ്ബില്‍ താമസിപ്പിക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണിത്.നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍  വിട്ടു നല്‍കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുമെന്നും എസ് പി അറിയിച്ചു. 

 ബിഷപ്പിന്റെ മൊഴികളില്‍ വ്യാപകമായി വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തിയിരുന്നു. തിയതികള്‍ സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കുന്നതിനായിരുന്നു ഇത്. കുറുവിലങ്ങാട് മഠത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ എത്തിച്ച ഡ്രൈവറുടെ മൊഴിയും അറസ്റ്റില്‍ നിര്‍ണായകമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com