ആദ്യദിനം പോളോയില്‍, പിറ്റേന്ന് വെന്റോയില്‍, ബിഷപ്പിനായി പൊലീസിന്റെ കാറുമാറ്റി കളി, ചിത്രം പകര്‍ത്താതിരിക്കാന്‍ കാറിന് സമാന്തരമായി ഓടി അനുചരന്മാര്‍

മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും കണ്ണുവെട്ടിക്കാന്‍ കാറുമാറ്റി കളി പൊലീസ് തുടര്‍ന്നു
ആദ്യദിനം പോളോയില്‍, പിറ്റേന്ന് വെന്റോയില്‍, ബിഷപ്പിനായി പൊലീസിന്റെ കാറുമാറ്റി കളി, ചിത്രം പകര്‍ത്താതിരിക്കാന്‍ കാറിന് സമാന്തരമായി ഓടി അനുചരന്മാര്‍

കൊച്ചി : ബലാല്‍സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മാധ്യമങ്ങളില്‍ നിന്നും സംരക്ഷിച്ചുകൊണ്ടുള്ള പൊലീസിന്റെ കള്ളക്കളി തുടരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും കണ്ണുവെട്ടിക്കാന്‍ ഇന്നലെയും കാറുമാറ്റി കളി പൊലീസ് തുടര്‍ന്നു. ആദ്യ ദിനം പോളോ കാറിലാണ്, ബിഷപ്പിനെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതെങ്കില്‍ രണ്ടാം ദിനം വെന്റോ കാറാണ് ഉപയോഗിച്ചത്. 

മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലാണ് ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങിയിരുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് കൊണ്ടുപോകാന്‍ എത്തിയപ്പോഴായിരുന്നു പൊലീസിന്റെ കള്ളക്കളി. ആദ്യ ദിനം ബിഷപ്പിനെ കൊണ്ടുപോകാന്‍ എത്തിയ ഫോക്‌സ് വാഗണ്‍ പോളോ കാര്‍ ഹോട്ടലിന് മുന്നില്‍ കിടപ്പുണ്ടായിരുന്നു. ഇതിലാകും ബിഷപ്പ് കയറുക എന്ന് തോന്നിപ്പിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. അതില്‍ ഒരു പുരോഹിതനെ കയറ്റി പൊലീസ് അകമ്പടിയോടെ വാഹനം പുറപ്പെട്ടു. 

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു ഫോക്‌സ് വാഗണ്‍ വെന്റോ കാറില്‍ ബിഷപ്പ് ഫ്രാങ്കോയെ കയറ്റിയാണ് പൊലീസ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മാധ്യമപ്രവര്‍ത്തകരെ അടക്കം തള്ളിമാറ്റിയാണ് ബിഷപ്പിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്. 

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തേക്കു വന്ന ബിഷപ്പിന്റെ ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബിഷപ്പിന്റെ അനുചര വൃന്ദവും ശ്രമിച്ചു. ബിഷപ്പിന്റെ ചിത്രം ലഭിക്കാതിരിക്കാന്‍, ബിഷപ്പിന്റെ അനുചരന്മാര്‍ രണ്ടുപേര്‍ കാറിന്റെ പിന്‍സീറ്റില്‍ ഫ്രാങ്കോ ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ് മറയുന്ന തരത്തില്‍ കാറിനൊപ്പം ഓടുകയായിരുന്നു. ബിഷപ്പിന്റെ ചിത്രം മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ പൊലീസും ശ്രദ്ധ പുലര്‍ത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com