മദ്യത്തിന് ഒാൺലൈൻ പരസ്യം നൽകി: കൊച്ചിയിലെ മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ കേസ്
By സമകാലിക മലയാളം ഡെസ്ക് | Published: 22nd September 2018 10:12 PM |
Last Updated: 22nd September 2018 10:39 PM | A+A A- |

കൊച്ചി: ഓണ്‍ലൈനിലൂടെ മദ്യത്തിനു പരസ്യം നൽകിയതിന് മൂന്നു പ്രമുഖ ബാറുകൾക്കെതിരേ എക്സൈസ് കേസെടുത്തു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ബാറുകൾക്കെതിരേ കേസെടുത്തുത്തത്. കൊച്ചിൻ പാലസ്, റാഡിസണ്‍ ബ്ലൂ, ഗോകുലം പാർക്ക് എന്നീ ഹോട്ടലുകൾക്ക് എതിരേയാണ് കേസ്.
ഡീൽ ഗണ്‍ എന്ന ഓണ്‍ലൈൻ സൈറ്റിൽ മദ്യം കുറഞ്ഞ വിലയിൽ നിയന്ത്രണമില്ലാതെ ആവശ്യാനുസരണം നൽകുമെന്നു കാണിച്ച് പരസ്യം നൽകിയാണ് വില്പന നടത്തിയിരുന്നത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇത്തരത്തിൽ പരസ്യം നൽകുന്നത് കേരള അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എകസൈസ് അധികൃതർ പറഞ്ഞു. ആറു മാസം വരെ തടവും 25,000 രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണവും പരിശോധനകളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.