കൂട്ടുകാരന്റെ കാമുകിസംഗമത്തിന് കൂട്ടുപോയി, കാത്തുനിന്ന് മുഷിഞ്ഞപ്പോള്‍ അടുത്തവീട്ടില്‍ കക്കാന്‍ കേറി; 17 കാരന്‍ പിടിയില്‍

പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് വീട്ടമ്മ എഴുന്നേല്‍ക്കുന്നത്. അപ്പോള്‍ ജനാലയ്ക്ക് അടുത്ത് മുഖം മറച്ച് ആരോ നില്‍ക്കുന്നത് കണ്ടത്
കൂട്ടുകാരന്റെ കാമുകിസംഗമത്തിന് കൂട്ടുപോയി, കാത്തുനിന്ന് മുഷിഞ്ഞപ്പോള്‍ അടുത്തവീട്ടില്‍ കക്കാന്‍ കേറി; 17 കാരന്‍ പിടിയില്‍

കായംകുളം:കാമുകിയെ കാണാന്‍ പോയ കൂട്ടുകാരന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ അടുത്ത വീട്ടില്‍ നിന്ന് മൊബൈലും സ്വര്‍ണ മാലയും മോഷ്ടിച്ച 17 കാരനെ പൊലീസ് കുടുക്കി. കായംകുളം കൃഷ്ണപുരത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കൂട്ടുകാരന്റെ കാമുകി സംഗമത്തിന് കൂട്ടുപോയതായിരുന്നു കൗമാരക്കാരന്‍. അതിനിടെയാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നത്.

പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് വീട്ടമ്മ എഴുന്നേല്‍ക്കുന്നത്. അപ്പോള്‍ ജനാലയ്ക്ക് അടുത്ത് മുഖം മറച്ച് ആരോ നില്‍ക്കുന്നത് കണ്ടത്. ഒച്ചവെക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയത്. പുറത്തേക്ക് വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും ഇയാള്‍ പറഞ്ഞു. ഇതിനിടെ കാമുകിയെ കാണാന്‍ പോയ കൂട്ടുകാരന്‍ തിരിച്ചു വന്നെങ്കിലും കൂടെപ്പോയില്ല. കൂട്ടുകാരന്‍ തിരികെപ്പോവുകയും ചെയ്തു. 

എന്നാല്‍ യുവതി തന്ത്രപൂര്‍വം പ്രതിയുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങിയെടുത്തു. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വെക്കുകയും മോഷ്ടാവ് ഓടിപ്പോവുകയും ചെയ്തു. വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ കിട്ടാനായി തന്റെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചുനോക്കിയിരുന്നു. അതാണ് പ്രതിയെ കുടുക്കാന്‍ കാരണമായത്. ഫോണില്‍ നിന്ന് ഡയല്‍ ചെയ്ത ശേഷം വീട്ടമ്മയുടെ ഫോണില്‍ നിന്ന് തന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത് കണ്ടെത്തുകയായിരുന്നു. 

പ്രതിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ ഒരു സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് ബാര്‍ബര്‍ ഷോപ്പിലിരിക്കെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ട് പവന്റെ മാല വിറ്റ പണവും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com