ചലച്ചിത്രമേള നടത്തും ? ; ആർഭാടം ഒഴിവാക്കി മേള നടത്താൻ മുഖ്യമന്ത്രി വന്നശേഷം തീരുമാനമെന്ന് ബാലൻ

ആർഭാടം കുറച്ച് ചെലവ് ചുരുക്കി മേള നടത്തുന്നതിന്‍റെ മാർഗരേഖ ചലച്ചിത്ര അക്കാദമി സർക്കാരിന് നൽകിയിട്ടുണ്ടെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ
ചലച്ചിത്രമേള നടത്തും ? ; ആർഭാടം ഒഴിവാക്കി മേള നടത്താൻ മുഖ്യമന്ത്രി വന്നശേഷം തീരുമാനമെന്ന് ബാലൻ

തിരുവനന്തപുരം: ചെലവ് ചുരുക്കി എങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തണമെന്ന സിനിമാ  പ്രേമികളുടെ ആവശ്യം സർക്കാർ അനുഭാവത്തോടെ പരി​ഗണിക്കുന്നു. ആർഭാടം കുറച്ച് ചെലവ് ചുരുക്കി മേള നടത്തുന്നതിന്‍റെ മാർഗരേഖ ചലച്ചിത്ര അക്കാദമി സർക്കാരിന് നൽകിയിട്ടുണ്ടെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അമേരിക്കയിൽ ചികിൽസയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 

പ്രളയക്കെടുതിയിൽ തകർന്ന സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വർഷം ചലച്ചിത്ര മേള ഒഴിവാക്കാൻ മുഖ്യമന്ത്രി നേരത്തെ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനത്തോട് സിനിമാ മന്ത്രി കൂടിയായ എകെ ബാലനും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനും അതൃപ്തി ഉണ്ടായിരുന്നു. 

മേളയ്ക്ക് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും, പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവ് പരമാവധി ചുരുക്കി മേള നടത്തണമെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി കടുത്ത നിലപാട് എടുത്തതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. അതേസമയം ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്ന് നിരവധി കോണുകളിൽ നിന്നും വീണ്ടും ആവശ്യമുയർന്നു. ഇതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാകും നിർണായകമാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com