ജാമ്യാപേക്ഷ തള്ളി ; ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

രണ്ടു ദിവസം ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. മറ്റന്നാൾ വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്
ജാമ്യാപേക്ഷ തള്ളി ; ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിഷപ്പിനെ പാല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിഭാ​ഗം അഭിഭാഷകർ ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യഹർജി തള്ളിയ കോടതി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ അനുവദിച്ചു. രണ്ടു ദിവസം ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച ഉച്ച വരെയാണ് ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 

കോടതിയിൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ബിഷപ്പിന്റെ അഭിഭാഷകർ എതിർത്തിരുന്നില്ല. ഇത് ബിഷപ്പിനെ ജയിലിൽ അടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോർട്ടുകളുണ്ട്. ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് മാറ്റുമെന്നാണ് സൂചന. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയത്.

ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ബിഷപ്പിന്റെ വസ്ത്രങ്ങളും ലാപ്ടോപ്പും അടക്കം തെളിവ് ലഭിക്കേണ്ട വസ്തുക്കൾ കണ്ടെടുക്കേണ്ടതുണ്ട്. കൂടാതെ കന്യാസ്ത്രീ പരാതിപ്പെട്ട ഇടങ്ങളിൽ തെളിവെടുപ്പിനായി ഫ്രാങ്കോയെ കൊണ്ടു പോകേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. 

ബിഷപ്പിനെ ലൈം​ഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ തടങ്കലിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. ബിഷപ്പിനെതിരെ കൂടുതൽ പീഡന പരാതികൾ ലഭിച്ചിട്ടുണ്ട്. ബിഷപ്പ് അധികാരം ദുർവിനിയോ​ഗം ചെയ്ത് കന്യാസ്ത്രീയെ ബലം പ്രയോ​ഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.  ബിഷപ്പിന്റെ അനുചരന്മാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ‌‌‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com