തെളിവെടുപ്പ് ഇന്ന്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറവിലങ്ങാട് മഠത്തിലെത്തിക്കും 

കുറവിലങ്ങാട് നാടുകുന്ന്  മഠത്തിലെ പീഡനം നടന്നതായി പരാതിയിൽ പറയുന്ന 20ാം നമ്പർ മുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ്
തെളിവെടുപ്പ് ഇന്ന്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറവിലങ്ങാട് മഠത്തിലെത്തിക്കും 

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന്  തെളിവെടുപ്പിനെത്തിക്കും. തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ ആദ്യമെത്തിക്കുക. കുറവിലങ്ങാട് നാടുകുന്ന്  മഠത്തിലെ പീഡനം നടന്നതായി പരാതിയിൽ പറയുന്ന 20ാം നമ്പർ മുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ്. 

പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മഠത്തിൽ നിന്ന് മാറ്റിയശേഷമായിരിക്കും തെളിവെടുപ്പ്. ഇതിന് മുന്നോടിയായി മഠത്തിൽ നിന്ന് മാറിനിൽക്കാൻ കന്യാസ്ത്രീകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പീഡനം നടന്ന 2014 –2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്ടോപ് എന്നിവ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.  മഠത്തില്‍ മാത്രം തെളിവെടുപ്പ് മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.  

ഇന്നലെ പാല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും. കോടതിയിൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ബിഷപ്പിന്റെ അഭിഭാഷകർ എതിർത്തിരുന്നില്ല. ഇത് ബിഷപ്പിനെ ജയിലിൽ അടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോർട്ടുകളുണ്ട്. 

ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. കന്യാസ്ത്രീ പരാതിപ്പെട്ട ഇടങ്ങളിൽ തെളിവെടുപ്പിനായി ഫ്രാങ്കോയെ കൊണ്ടു പോകേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിഷപ്പിനെ ലൈം​ഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ തടങ്കലിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. ബിഷപ്പിനെതിരെ കൂടുതൽ പീഡന പരാതികൾ ലഭിച്ചിട്ടുണ്ട്. ബിഷപ്പ് അധികാരം ദുർവിനിയോ​ഗം ചെയ്ത് കന്യാസ്ത്രീയെ ബലം പ്രയോ​ഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.  ബിഷപ്പിന്റെ അനുചരന്മാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com