പുരുഷന്മാര്‍ മതി, സ്ത്രീകളുടെ വാക്കിന് വിലയില്ല; ദുരിതാശ്വാസത്തില്‍ ലിംഗവിവേചനവുമായി വില്ലേജ് ഓഫീസുകള്‍ 

ദുരിതാശ്വാസം കിട്ടണമെങ്കില്‍ അയല്‍വാസികളായ പുരുഷന്മാരുടെ സാക്ഷിമൊഴി വേണമെന്ന് വില്ലേജ് ഓഫീസുകള്‍ നിര്‍ബന്ധം പിടിക്കുന്നു
പുരുഷന്മാര്‍ മതി, സ്ത്രീകളുടെ വാക്കിന് വിലയില്ല; ദുരിതാശ്വാസത്തില്‍ ലിംഗവിവേചനവുമായി വില്ലേജ് ഓഫീസുകള്‍ 

ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ വീട്ടുകാര്‍ക്ക് വില്ലേജ് ഓഫീസുകളുടെ സമീപനം ഇരുട്ടടിയാകുന്നു. ദുരിതാശ്വാസം കിട്ടണമെങ്കില്‍ അയല്‍വാസികളായ പുരുഷന്മാരുടെ സാക്ഷിമൊഴി വേണമെന്ന് വില്ലേജ് ഓഫീസുകള്‍ നിര്‍ബന്ധം പിടിക്കുന്നു. അയല്‍വാസികളായ സ്ത്രീകളെ സാക്ഷിയായി നല്‍കിയവര്‍ക്കാണ് വില്ലേജ് ഓഫീസുകളില്‍നിന്ന് സഹായവും സര്‍ട്ടിഫിക്കറ്റും കിട്ടാത്തത്. കുട്ടനാട്ടിലെ ചില വില്ലേജ് ഓഫീസുകളില്‍നിന്നാണ് പരാതി ഉയരുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രളയത്തെത്തുടര്‍ന്ന് കുട്ടനാട്ടുകാരുടെ പാചകവാതക സിലിന്‍ഡറുകള്‍ ഉള്‍പ്പെടെ ഒഴുകിപ്പോയിരുന്നു. വില്ലേജ് ഓഫീസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഒഴുകിപ്പോയതിനുപകരം സിലിന്‍ഡര്‍ ലഭിക്കുകയുള്ളൂ. ഇതിനപേക്ഷിച്ചവരോടാണ് പുരുഷന്മാരായ സാക്ഷികളെമാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് വില്ലേജ് അധികൃതര്‍ പറയുന്നത്.

വിവാദമായ വിഷയങ്ങളില്‍ സാക്ഷിയാക്കുമ്പോള്‍ അതത് പ്രദേശത്ത് ജനിച്ചുവളര്‍ന്നവരെ മാത്രമേ വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷിയായി പരിഗണിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വിവാഹം കഴിച്ചുകൊണ്ടുവന്ന സ്ത്രീകളെ പരിഗണിക്കാറില്ല. ഈ രീതി പ്രളയദുരിതാശ്വാസത്തിനും സ്വീകരിച്ചതാണ് ആനുകൂല്യങ്ങള്‍ക്കും സഹായത്തിനും തടസ്സമായത്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിവേചനം കാണിക്കുന്നതിനെതിരേയാണ് പ്രതിഷേധം. പുരുഷന്മാരുടെ മൊഴി മാത്രമേ സ്വീകരിക്കാവൂവെന്ന് ഉത്തരവില്ലെന്നും കീഴ്‌വഴക്കം മാത്രമാണെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com