ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് ; മഠത്തിലെത്തിച്ച് തെളിവെടുത്തു,  സാക്ഷികളെ സ്വാധീനിച്ചതില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ബിഷപ്പ് പീഡിപ്പിച്ചതായി പറയുന്ന 20 ആം നമ്പര്‍ റൂമിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്
ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് ; മഠത്തിലെത്തിച്ച് തെളിവെടുത്തു,  സാക്ഷികളെ സ്വാധീനിച്ചതില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു നിന്നു. ബിഷപ്പ് പീഡിപ്പിച്ചതായി പറയുന്ന 20 ആം നമ്പര്‍ റൂമിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ജനരോഷം കണക്കിലെടുത്ത് മഠത്തിന്റെ പരിസരങ്ങളില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

തെളിവെടുപ്പിന് തടസ്സം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് മഠത്തിലെ കന്യാസ്ത്രീകളോട് മാറി നില്‍ക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇവരെയെല്ലാം മാറ്റിയ ശേഷമായിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ മഠത്തിന് പുറത്തേക്ക് ഇറക്കിയപ്പോള്‍, പുറത്ത് കാത്തുനിന്ന നാട്ടുകാര്‍ കൂക്കിവിളിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയായശേഷം ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് തിരികെ കൊണ്ടുപോയി. 

തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോയെ പൊലീസ് ക്ലബ്ബില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പ് ഫ്രാങ്കോയെ പോളിഗ്രാഫ് ടെസ്റ്റിന് ( നുണപരിശോധന) വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. ചോദ്യങ്ങളോട്  അറിയില്ല, ഓര്‍മയില്ല തുടങ്ങിയ ഉത്തരങ്ങളാണ് പലപ്പോഴും നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുള്ള പോലീസിന്റെ നീക്കം. 

അതേസമയം ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.  ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാ. ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ കന്യാസ്ത്രീകള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എര്‍ത്തയിലെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ വൈക്കം ഡിവൈഎസ്പിക്ക് കോട്ടയം എസ്പി ഹരിശങ്കർ നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച ഉച്ച വരെയാണ് ബിഷപ്പിനെ പാല മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com