തമിഴ്നാട്ടിലെ ഡാമുകൾ നിറഞ്ഞു, ആശങ്കയോടെ കേരളം, സംയുക്ത ജലനിയന്ത്രണ ബോർഡ് ചേരണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് പളനിസ്വാമി

തമിഴ്നാട്ടിലെ ഡാമുകൾ നിറഞ്ഞു, ആശങ്കയോടെ കേരളം, സംയുക്ത ജലനിയന്ത്രണ ബോർഡ് ചേരണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് പളനിസ്വാമി

പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂർണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്

തൃശ്ശൂർ: മഴയെയും നീരൊഴുക്കിനെയും തുടർന്ന് തമിഴ്നാട്ടിലെ അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിലേക്ക് നിറഞ്ഞു.  തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂർണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം തുറന്നുവിട്ട അണകളാണ് ഇവയെല്ലാം. 

തമിഴ്‌നാടിന്റെ അപ്പർ ഷോളയാർ, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണകൾ തുറന്നാൽ കേരള ഷോളയാർ, പെരിങ്ങൽക്കുത്ത്, ഇടമലയാർ എന്നീ അണകളിലേക്കാണ് വെള്ളമെത്തുക. പെരിങ്ങൽക്കുത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്കും ഇടമലയാറിൽനിന്ന് പെരിയാറിലേക്കും വെള്ളമൊഴുക്കേണ്ടിവരും. പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകൾ തുറന്നാൽ മലമ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും വെള്ളമെത്തും.

ഈ സാഹചര്യത്തിൽ അടിയന്തരമായി  സംയുക്ത ജലനിയന്ത്രണ ബോർഡ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കേരളം, തമിഴ്‌നാടിന് കത്തയച്ചു. എന്നാൽ കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 18-ന് കേരളം വിളിച്ച യോഗത്തിൽ തമിഴ്‌നാട് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. ബോർഡിന്റെ ചെയർമാൻ ഇപ്പോൾ കേരളത്തിന്റെ ജലസേചനവകുപ്പ് ചീഫ് എൻജിനീയർ കെ.എ. ജോഷിയാണ്.

ഒക്ടോബർ 15 മുതൽ തുലാവർഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതിനുമുമ്പ് തമിഴ്‌നാട്ടിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറച്ചില്ലെങ്കിൽ സ്ഥിതി ആശങ്കാജനകമാകും. തമിഴ്നാട് അണക്കെട്ടുകൾ തുറന്നുവിട്ടാൽ കേരളത്തിലെ അണകളും തുറക്കേണ്ടിവരും. ഇത് മുൻകൂട്ടി കണ്ടാണ് സംയുക്ത ജല നിയന്ത്രണ ബോർഡ് യോ​ഗം ചേരണമെന്ന ആവശ്യം കേരളം ഉന്നയിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com