പി.കെ ശശിക്കെതിരെ നടപടിക്ക് സാധ്യത; പീഡന പരാതിയിൽ ആറ് പേരിൽ നിന്ന് തെളിവെടുത്തു

പി.കെ.ശശി എം.എൽ.എയ്ക്കെതിരായ പീഡന പരാതിയിൽ സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷൻ ആറ് പേരിൽ നിന്ന് തെളിവെടുത്തു
പി.കെ ശശിക്കെതിരെ നടപടിക്ക് സാധ്യത; പീഡന പരാതിയിൽ ആറ് പേരിൽ നിന്ന് തെളിവെടുത്തു

പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷൻ ആറ് പേരിൽ നിന്ന് തെളിവെടുത്തു. എംഎൽഎക്കെതിരെ പരാതി  നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെയും പി.കെ.ശശിയുടെയും മൊഴി കമ്മിഷൻ നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിയിൽ പറയുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളിൽ നിന്നാണ് തിങ്കളാഴ്‌ച തെളിവെടുത്തത്.

ഒരു നഗരസഭാ കൗൺസിലർ, ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ്, പാർട്ടി പ്രാദേശിക നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധി തുടങ്ങിയവരാണ് മൊഴി നൽകാനെത്തിയത്. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഇതിൽ ശശിക്ക് അനുകൂലമായെത്തിയവർ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണ് ഉയർത്തിയത്. ഇതേപ്പറ്റിയും അന്വേഷിക്കുമെന്ന സൂചനയാണ് പാ‌ർട്ടി നേതൃത്വത്തിൽ നിന്ന് ലഭിക്കുന്നത്.

ഇതിനിടെ യുവതിയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായുള്ള പരാതിയും ഉയർന്നിട്ടുണ്ട്. സർക്കാർ തലത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ യുവതിയെ കണ്ട് മൊഴിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് അഭ്യർത്ഥിച്ചതായാണ് വിവരം. ആദ്യം നൽകിയ മൊഴി തിരുത്താനുള്ള അവസരമുണ്ടെന്നും എന്തെങ്കിലും ഇളവ് വേണമെന്നുമായിരുന്നു ഉദ്യാഗസ്ഥന്റെ അഭ്യർഥന. എന്നാൽ യുവതി ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന് തീർത്തു പറഞ്ഞതോടെ നിരാശയോടെ ഉദ്യോഗസ്ഥര്‍ മടങ്ങിയെന്നാണ് വിവരം. ഇത്തരത്തിലുളള നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇതേ രീതിയിലാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളും തുടക്കത്തിൽ പരാതി ഇല്ലാതാക്കാൻ ശ്രമിച്ചത്.  നേരത്തെ പരാതി ഉയർന്ന ഉടനെ ചിലർ ഇടപെട്ട് വൻതുകയും ഡി.വൈ.എഫ്.ഐയിൽ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി ആക്ഷേപം ഉയർന്നിരുന്നു. 

ആരെയും സംരക്ഷിക്കില്ലെന്ന തരത്തിൽ വിവിധ സി.പി.എം നേതാക്കൾ നടത്തിയ പരാമർശം ശ്രദ്ധേയമാണ്. ശശിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന സൂചനകളാണ് നേതാക്കളുടെ പ്രതികരണം എന്നും വിലയിരുത്തലുകളുണ്ട്. ഇവരുടെ മൊഴിയുള്‍പ്പെടെയുളള അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ഒരാഴ്ചക്കുള്ളിൽ പാർട്ടി തീരുമാനമുണ്ടാകും. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com