അഭിമന്യുവിനെ വധിച്ചത് ക്യാമ്പസ് ഫ്രണ്ടിന് ആധിപത്യമുറപ്പിക്കാന്‍; പദ്ധതിയിട്ടത് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ച് ആക്രമണം അഴിച്ചുവിടാനെന്ന് കുറ്റപത്രം

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിച്ചത് ക്യാമ്പസ് ഫ്രണ്ടിന് കലാലയങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നതിനും ആധിപത്യം സ്ഥാപിക്കാനുമെന്ന് കുറ്റപത്രം.
അഭിമന്യുവിനെ വധിച്ചത് ക്യാമ്പസ് ഫ്രണ്ടിന് ആധിപത്യമുറപ്പിക്കാന്‍; പദ്ധതിയിട്ടത് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ച് ആക്രമണം അഴിച്ചുവിടാനെന്ന് കുറ്റപത്രം

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിച്ചത് ക്യാമ്പസ് ഫ്രണ്ടിന് കലാലയങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നതിനും ആധിപത്യം സ്ഥാപിക്കാനുമെന്ന് കുറ്റപത്രം. ക്യാംപസുകളിലെ മറ്റു സംഘടനകളില്‍ നിന്നുള്ള പ്രതിരോധം ഇല്ലാതാക്കിയാല്‍ പ്രവര്‍ത്തനം സുഗമമാകുമെന്നും അക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കാമെന്നുമുള്ള ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. 

ക്യാമ്പസിലെ പ്രധാന വിദ്യാര്‍ഥി സംഘടനകളില്‍ ഒന്നായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചുവരെഴുതുന്നതിനായി മുന്‍കൂട്ടി അടയാളപ്പെടുത്തിയ സ്ഥലത്ത് ക്യാമ്പസ് ഫ്രണ്ട് ചുവരെഴുതി. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം രമ്യമായി പരിഹരിക്കുകയും മുന്‍കൂട്ടി അടയാളപ്പെടുത്തിയിട്ടില്ലാത്ത സ്ഥലങ്ങള്‍ ക്യാമ്പസ് ഫ്രണ്ടിന് വിട്ടുനല്‍കുകയും ചെയ്തു. 

ചുവരെഴുത്തു മായിച്ചു എസ്എഫ്‌ഐക്കു വേണ്ടി എഴുതിക്കൊണ്ടിരുന്ന അഭിമന്യുവിനെ മുന്‍തീരുമാന പ്രകാരം പ്രതികള്‍ വധിക്കുകയായിരുന്നു. ഇതിനായി പുറത്തുനിന്നുള്ളരെ വിളിച്ചുവരുത്തി. ഗൂഡാലോചനയുടെ ഭാഗമായി ഒന്നാം പ്രതി മുഹമ്മദ്, അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ഒന്‍പതാം പ്രതി പിടിച്ചു വയ്ക്കുകയും പത്താം പ്രതി കത്തികൊണ്ടു നെഞ്ചില്‍ കുത്തുകയും ചെയ്തു. രണ്ടാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും ഗുരുതരമായി കുത്തേറ്റു. . ഇടിക്കട്ട ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചു. സ്ഥലത്തെത്തിയ മറ്റു വിദ്യാര്‍ഥികളെ ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. 

ഒന്നുമുതല്‍ 16 വരെ ഉള്ള പ്രതികള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. രക്തം പുരണ്ട വസ്ത്രങ്ങളും ഫോണുകളും ഇല്ലാതാക്കി തെളിവുകള്‍ നശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ അഭിമന്യു സ്ഥലത്തുതന്നെ മരിച്ചു. പ്രതികള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും കോളജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദാണ് ഒന്നാം പ്രതി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്ആരിഫ് ബിന്‍ സലിഹാണ് രണ്ടാം പ്രതി.
കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി ഏഴുപേരെ കൂടി കണ്ടെത്തണം. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com