ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനുട്ടിൽ താഴെയാക്കാമെന്ന് റെയില്‍വേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th September 2018 03:55 AM |
Last Updated: 27th September 2018 04:11 AM | A+A A- |

തിരുവനന്തപുരം: പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനുട്ടിൽ താഴെയാക്കാമെന്ന് റെയില്‍വേ അധികൃതർ. ഇക്കാര്യത്തിൽ അധികൃതർ ഉറപ്പു നല്‍കിയതായി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം വന്ന റെയിലുകള്‍ മാറ്റി സ്ഥാപിക്കൽ, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ് വൈകലിനു കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കുലശ്രേഷ്ഠ, തിരുവനന്തപുരത്തു ദക്ഷിണ റെയിൽവേ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്.അനന്തരാമന്റെ നേതൃത്വത്തില്‍ ദിവസവും ട്രെയിന്‍ ഗതാഗതം കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഇന്ന് മുതല്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ നടന്നുവരുന്ന ട്രാക്ക് അറ്റകുറ്റപ്പണികളടക്കമുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് രണ്ട് മാസത്തിനകം പഴയ ടൈം ടേബിള്‍ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
ഇന്റര്‍സിറ്റി, വഞ്ചിനാട്, ഏറനാട് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വൈകിയോട്ടം കാരണം സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തൃപ്തികരമായ മറുപടിയും പരിഹാര മാര്‍ഗങ്ങളും ഉണ്ടായില്ലെങ്കില്‍ യോഗം നടത്തേണ്ട കാര്യമില്ലായെന്ന് എംപിമാര്‍ നിലപാടെടുത്തു. ഇതോടെയാണ് അഞ്ചു മിനുട്ടില്‍ കൂടുതല്‍ പ്രതിദിന ട്രെയിനുകൾ വൈകുന്ന സാഹചര്യമുണ്ടാകില്ലെന്ന് റെയില്‍വേ ഉറപ്പു നൽകിയത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അലംഭാവവും കെടുകാര്യസ്ഥയുമാണു പ്രതിദിന ട്രെയിനുകള്‍ ദിവസവും മണിക്കൂറുകളോളം വൈകുന്നതിനു കാരണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.
കൊച്ചുവേളി– ബെംഗളൂരു എക്സ്പ്രസ്സില്‍ നിന്ന് ഒഴിവാക്കിയ ലേഡീസ് കംപാര്‍ട്ട്മെന്‍റ് ഉടന്‍ പുനഃസ്ഥാപിക്കും. തീരദേശപാതയിലെ പാത ഇരട്ടിപ്പിക്കല്‍ അനിശ്ചിതമായി വൈകിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കും. അമ്പലപ്പുഴ- ഹരിപ്പാട് പാത വരുന്ന മാര്‍ച്ചോടെ കമ്മിഷന്‍ ചെയ്യാനാകുമെന്നും റെയില്‍വേ വ്യക്തമാക്കി.
മെമു ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഗുണകരമായ രീതിയില്‍ പുനഃക്രമീകരിക്കണമെന്നും പാസഞ്ചര്‍ ട്രെയിനുകള്‍ സമയം പാലിക്കുന്നതിനു നടപടി വേണം. കേരളത്തിന് അനുവദിച്ച എൽഎച്ച്ബി കോച്ചുകള്‍ ഇവിടെ ഓടുന്ന ട്രെയിനുകളില്‍ തന്നെ ഉപയോഗിക്കുന്നതിനും നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.