പ്രസവമുറിയില്‍ ഇനി ഭര്‍ത്താവിന് കൂട്ടിരിക്കാം; സംവിധാനവുമായി കേരള സര്‍ക്കാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 27th September 2018 06:02 AM |
Last Updated: 27th September 2018 06:02 AM | A+A A- |

കൊച്ചി: പ്രസവമുറിയിലെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ഗര്‍ഭിണികളിലെ ആശങ്കകള്‍ ഇല്ലാതാക്കാനും പ്രസവമുറിയില്‍ കൂട്ട് എന്ന് പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍. അരക്ഷിത സമയത്ത് വേണ്ടപ്പെട്ട ഓരാള്‍ കൂടെയുണ്ടാകുന്നത് മനസ്സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ഗര്‍ഭിണിയോടൊപ്പം പ്രസവമുറിയില്‍ ഭര്‍ത്താവ്, സഹോദരി, മാതാവ്,ഭര്‍ത്തൃമാതാവ് എന്നിവരില്‍ ഒരാള്‍ക്ക് കൂടെ നില്‍ക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പ്രസവത്തിന്റെ ഏത്ഘട്ടത്തില്‍ ഇവരുടെ സാമിപ്യം വേണമെന്ന് ഗര്‍ഭിണികള്‍ക്ക് തീരുമാനിക്കാം. പ്രസവത്തിന്റെ നാലുഘട്ടങ്ങളിലും ഒപ്പം നില്‍ക്കാനുള്ള സാഹചര്യമൊരുക്കും.
നിര്‍ദ്ദേശിക്കുന്ന ഘട്ടം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇവര്‍ക്ക് പുറത്ത് പോകാന്‍ കഴിയില്ല. മുറിയില്‍ നിര്‍ത്തുന്നതിന് മുന്‍പ് ഇവര്‍ക്കായി കൗണ്‍സിലിംഗ്് നല്‍കും. പ്രസവസമയത്തുണ്ടാകുന്ന അപകടസാധ്യതകള്‍, എന്താണ് സംഭവിക്കുന്നത്, വിവിധ ഘട്ടങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍, ആദ്യകരച്ചില്‍ എന്നിവ ഇതില്‍ പ്രതിപാദിക്കും.
രണ്ടുവര്‍ഷം മുന്‍പ് അരികെ എന്ന പേരില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഇത് ആരംഭിച്ചത്. ഈ വര്‍ഷം പാരിപ്പള്ളി മെഡിക്കല്‍ കൊളേജിലും തുടങ്ങി.കോഴിക്കോട്, തൈക്കാട് വനിതാ ശിശു പരിചരണ ആശുപത്രി എന്നിവിടങ്ങളില്‍ ഉടന്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും സംവിധാനം നടപ്പിലാക്കും.