കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വീഡിയോ: സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്; പക വീട്ടുകയാണെന്ന് അമ്മ

വീട്ടുനമ്പര്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വീഡിയോ: സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്; പക വീട്ടുകയാണെന്ന് അമ്മ

കൊല്ലം: വീട്ടുനമ്പര്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പുനലൂര്‍ വാളക്കോട് തുമ്പോട് രോഹിണിയില്‍ ഹരികൃഷ്ണനെതിരെയാണ് കേസ്. വിഷയത്തില്‍ അന്വേഷണം നടത്താതെ പൊലീസ് ഏകപക്ഷീയമായാണ് ഹരികൃഷ്ണനെതിരെ കേസെടുത്തെന്ന് അമ്മ ജെ.അനിതകമാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അനിതകുമാരി പുനലൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച വീടിന് നമ്പര്‍ നല്‍കാതെ രണ്ട് വര്‍ഷത്തോളം വട്ടം കറക്കി. അനിതകുമാരിയും സൈനികനായ ഹരികൃഷ്ണനും മാത്രമാണ് വീട്ടിലുള്ളത്. ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെ നിരന്തര മാനസിക പീഡനം കാരണം അനിത കുമാരി കുഴഞ്ഞ് വീണ് ആശുപത്രിയിലായ സമയത്താണ് ഹരികൃഷ്ണന്‍ നവമാധ്യമങ്ങളിലൂടെ സംഭവം വെളിപ്പെടുത്തിയത്. സൈനികന്റെ നവമാധ്യമ പ്രതികരണം വൈറലായപ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അനിതകുമാരിക്ക് വീട്ടു നമ്പരും ലഭിച്ചു. എന്നാല്‍ നവമാധ്യമത്തില്‍ ഹരികൃഷ്ണന്‍ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥരിലൊരാള്‍ പൊലീസിനെ സമീപിച്ചു.

ഹരികൃഷ്ണന്‍ ജാതീയ ആക്ഷേപം നടത്തിയിട്ടില്ലെന്നും കൈക്കൂലി നല്‍കാത്തതിനാല്‍ വീട്ട് നമ്പര്‍ അനുവദിക്കുന്നില്ലെന്ന് മാത്രമാണ് നവമാധ്യമത്തില്‍ പങ്കുവച്ചതെന്നും അനിതകുമാരി പറഞ്ഞു. മന്ത്രിയുടെ ഇടപെടലില്‍ നടപടി നേരിട്ടതിന്റെ വിരോധം തീര്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍. സ്‌കൂള്‍ നവീകരണത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിലേക്ക് 30296 രൂപ അടയ്‌ക്കേണ്ടി വന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഹരികൃഷ്ണനെതിരെ പരാതിയുമായി രംഗത്തുള്ളതെന്നും അനിതകുമാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com