ജഡ്ജിയുടെ തലയ്ക്ക് വെളിവില്ല, വിധി പുനഃപരിശോധിക്കണം; സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th September 2018 08:08 PM |
Last Updated: 29th September 2018 08:08 PM | A+A A- |

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനഃപരിശോധിക്കണമെന്നും ക്ഷേത്ര വിശ്വാസികളുടെ കാര്യം കോടതിക്ക് തീരുമാനിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാടായ കണ്ണൂരില്‍ എത്തുന്ന കെ. സുധാകരന് ഡിസിസി ഒരുക്കിയ സ്വീകരണചടങ്ങിലാണ് സുപ്രീം കോടതിക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്തിനും ഏതിനും കോടതി ഇടപെടുകയാണെന്നുപറഞ്ഞ അദ്ദേഹം വിവാഹേതര ലൈംഗികബന്ധം കുറ്റമല്ലാതാക്കിയ കോടതി വിധിയേയും വിമര്‍ശിച്ചു. ഇന്ത്യയില്‍ കുടുംബബന്ധങ്ങളാണ് അടിസ്ഥാനമെന്നും ഇനി അതുണ്ടാവുമോയെന്നും അദ്ദേഹം ചോദിച്ചു.