ഈഴവനെ ഒഴിവാക്കാന്‍ ആചാരം തടസ്സമായില്ല; ശബരിമലയില്‍ മേല്‍ജാതി ആധിപത്യവുമുണ്ടെന്ന് എന്‍എസ് മാധവന്‍ 

ഈഴവനെ ഒഴിവാക്കാന്‍ ആചാരം തടസ്സമായില്ല; ശബരിമലയില്‍ മേല്‍ജാതി ആധിപത്യവുമുണ്ടെന്ന് എന്‍എസ് മാധവന്‍ 
ഈഴവനെ ഒഴിവാക്കാന്‍ ആചാരം തടസ്സമായില്ല; ശബരിമലയില്‍ മേല്‍ജാതി ആധിപത്യവുമുണ്ടെന്ന് എന്‍എസ് മാധവന്‍ 

കൊച്ചി: ശബരിമലയിലേത് ലിംഗ സമത്വത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മേല്‍ജാതി ആധിപത്യം അവിടെ പ്രകടമാണെന്ന് മാധവന്‍ അഭിപ്രായപ്പെട്ടു. 

ബ്രാഹ്മണരായ തന്ത്രികുടുംബത്തെപ്പോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട ഈഴവ കുടുംബം ഉണ്ടായിരുന്നെന്നും അവരെ പുറത്താക്കുന്നതിന് ഒരു ആചാരവും തടസമായില്ലെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ബ്രാഹ്മണരായ തന്ത്രികുടുംബത്തിന് ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഈഴവ കുടുംബമുണ്ടായിരുന്നു. അയ്യപ്പന്‍ ആയുധ വിദ്യ പഠിച്ചത് ഇവരില്‍ നിന്നാണെന്നാണ് പറയുന്നത്. 

ക്ഷേത്രത്തിലെ വെടിവഴിപാടിന്റെ കുത്തക ഈ ഈഴവ കുടുംബത്തിനായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുദിവസം ഇവരെ ഒഴിവാക്കി വെടിവഴിപാട് നടത്തുന്നത് ലേലത്തിലൂടെ ആക്കുകയായിരുന്നു. ഇതിനൊന്നും ആചാരം തടസമായില്ലെന്ന് മാധവന്‍ വിമര്‍ശിച്ചു. 

ശബരിമലയിലെ പഴകിയ ആചാരങ്ങള്‍ എന്നു പറയുന്നതിന് അത്രയ്‌ക്കൊന്നും പഴക്കമില്ല. 1972ല്‍ ആണ് ക്ഷേത്രത്തിലേക്കു സ്ത്രീകളുടെ പ്രവേശനം നിയമം മൂലം നിരോധിച്ചത്. പുരുഷന്മാരായ ഭക്തര്‍ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ആ ഉത്തരവ് പോലും കര്‍ശനമായി പാലിക്കപ്പെട്ടില്ല. 1986ല്‍ പതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്യുന്ന തമിഴ് സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനായി 7500 രൂപയാണ് ദേവസ്വം ബോര്‍ഡ് വാങ്ങിയത്. ഇതിനു പിന്നാലെ 1990ലാണ്, സ്ത്രീ പ്രവേശനം വിലക്കി പൊതുതാതപര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവു വന്നത്. കോടതി ഏര്‍പ്പെടുത്തിയ വിലക്ക് കോടതിക്കു നീക്കാമെന്ന കാര്യം, വിശ്വാസത്തെക്കുറിച്ച് സംസാരിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിട്ടുപോയെന്നും മാധവന്‍ ചൂണ്ടിക്കാട്ടി. 

രാത്രി ഹരിവരാസനം പാടുന്നതാണ് ശബരിമലയിലെ പഴകിയ മറ്റൊരു ആചാരം. 1955ല്‍ ആണ് ഇതു തുടങ്ങിയത്. ദേവരാജന്‍ മാസ്റ്ററാണ് അതിനു സംഗീതം നല്‍കിയതെന്നും മാധവന്‍ ട്വീറ്റില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com