ശബരിമല സ്ത്രീപ്രവേശനം വീണ്ടും കോടതിയിലേക്ക് ; പന്തളം രാജകുടുംബം പുനഃപരിശോധന ഹര്‍ജി നല്‍കും

സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍  പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം
ശബരിമല സ്ത്രീപ്രവേശനം വീണ്ടും കോടതിയിലേക്ക് ; പന്തളം രാജകുടുംബം പുനഃപരിശോധന ഹര്‍ജി നല്‍കും

പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഇന്നു രാവിലെ ചേര്‍ന്ന പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം എടുത്തത്. ക്ഷേത്ര ഉപദേശ സമിതി, അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങള്‍, നിയമജ്ഞര്‍, വിവിധ ഭക്തജന സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് യോഗത്തിന്റെ തീരുമാനം. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി ഫുള്‍ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമവിദഗ്ധരുമായി കൂടുതല്‍ ചര്‍ച്ച നടത്തും. ക്ഷേത്ര പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനടപടി തുടരാന്‍ പന്തളം കൊട്ടാരം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള തുടര്‍നടപടികള്‍ക്കായി കൂടുതല്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ പ്രവേശനത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടുത്ത ബുധനാഴ്ച യോഗം ചേരുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com