സൗമിനി ജെയ്നിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം ശക്തം; മുതിർന്ന നേതാക്കൾ മുല്ലപ്പള്ളിയെ കാണും

മേയർ സൗമിനി ജെയ്നിനെ മാറ്റാൻ എ ​ഗ്രൂപ്പിലെ ഒരു കൗൺസിലറുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കം ചെറുത്ത് മുതിർന്ന കൗൺസിലർമാർ
സൗമിനി ജെയ്നിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം ശക്തം; മുതിർന്ന നേതാക്കൾ മുല്ലപ്പള്ളിയെ കാണും

കൊച്ചി: മേയർ സൗമിനി ജെയ്നിനെ മാറ്റാൻ എ ​ഗ്രൂപ്പിലെ ഒരു കൗൺസിലറുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കം ചെറുത്ത് മുതിർന്ന കൗൺസിലർമാർ. ഇതിന്റെ ഭാ​ഗമായി മുതിർന്ന കൗൺസിലർമാർ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കാണാൻ തീരുമാനിച്ചു. എ ​ഗ്രൂപ്പിലെ തന്നെ മുതിർന്ന കൗൺസിലർമാരാണ് കെപിസിസി ഇടപെടൽ ആവശ്യപ്പെട്ട് മുല്ലപ്പള്ളിയെ കാണാൻ ഒരുങ്ങുന്നത്. ‌‍കെപിസിസിയുടെ തീരുമാന പ്രകാരമാണ് സൗമിനി ജെയ്നിനെ മേയറായി തെരഞ്ഞെടുത്തത്. 

അഴിമതിക്ക് കൂട്ടുനിന്നില്ലെന്ന കാരണം പറഞ്ഞ് കൗൺസിലർ പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ഭരണത്തിനെതിരേ വാർത്തകൾ ചമയ്ക്കുകയാണെന്ന് ബോധ്യപ്പെടുത്താനാണ് മുതിർന്നവരുടെ ഇപ്പോഴത്തെ നീക്കം. തെളിവുകളടക്കം നേതൃത്വത്തിന് പരാതി നൽകാനും നീക്കം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ പണമിടപാട് നടക്കുന്നവെന്ന ആരോപണം ഉണ്ടായതിനെ തുടർന്ന് അതൊഴിവാക്കാൻ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ നേരിട്ടിടപെട്ടാണ് സൗമിനി ജെയ്നിനെ മേയറാക്കിയതെന്ന് മുല്ലപ്പള്ളിയെ ധരിപ്പിക്കും. ഭരണമാറ്റ വാദവുമായി എത്തുന്നവരുടെ താത്പര്യമെന്താണെന്നും ഇവർ മുല്ലപ്പള്ളിയെ ബോധ്യപ്പെടുത്തും. 

നിലവിൽ ചെറിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ മുന്നോട്ടുപോകുന്നതിനാൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഭരണത്തെ ബാധിക്കുമെന്നും തുടർ ഭരണത്തിന് തിരിച്ചടിയാകുമെന്നും മുതിർന്നവർ ചൂണ്ടിക്കാട്ടും. ഇക്കാര്യത്തിൽ ​ഗ്രൂപ്പിന് അതീതമായി മറ്റ് കൗൺസിലർമാരുടെ പിന്തുണ തേടാനും ഇവർ ശ്രമം നടത്തുന്നുണ്ട്. വിഷയം നേരത്തെ ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിലെത്തിക്കാൻ ഇവർക്ക് സാധിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യത്തെക്കുറിച്ചുള്ള ചർച്ചകൾ നിർത്തിവയ്ക്കാൻ തീരുമാനവും എടുത്തു. എന്നാൽ ഇതിന് വിരുദ്ധമായി ഒരു കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ സഹായത്തോടെ നീക്കങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളിയുടെ ശ്രദ്ധയിലേക്ക് വിഷയമെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

കൗൺസിലറുടെ നീക്കം എെ ​ഗ്രൂപ്പിലും പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. എെയിലെ യുവ കൗൺസിലർമാരും വനിതാ കൗൺസിലർമാരും രം​ഗത്തിറങ്ങാൻ ആലോചിക്കുന്നുണ്ട്. മേയർ മാറിയാൽ ഡെപ്യൂട്ടി മേയറും മാറേണ്ടി വരും. അത് ഭരണത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും എെ വിഭാ​ഗം കരുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com