കെഎസ്ആർടിസി പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ ശ്രമം ; യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച

കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയും ചര്‍ച്ചയിൽ പങ്കെടുക്കും
കെഎസ്ആർടിസി പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ ശ്രമം ; യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ച. ഒക്ടോബര്‍ രണ്ട് മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ചർച്ച നടത്തുന്നത്.  കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയും ചര്‍ച്ചയിൽ പങ്കെടുക്കും. 

ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ പണിമുടക്കിന് സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. തൊഴിലാളി യൂണിയനുകളും എം.ഡിയും തമ്മിലെ തര്‍ക്കവിഷയങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ അനുരഞ്ജന ചര്‍ച്ച നടക്കുന്നത്. 

സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം ഏര്‍പ്പെടുത്തിയത് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താതെ എംഡി ഏകപക്ഷീയമായിട്ടാണെന്നാണ് പ്രധാന ആക്ഷേപം. ഇക്കാര്യത്തില്‍ യൂണിയനുകളുമായി കരാറിലെത്തണമെന്നും സിംഗിള്‍ ഡ്യൂട്ടി പ്രായോഗികമല്ലാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാക്കരുതെന്നും ഗതാഗമത മന്ത്രി എം.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇന്ധനച്ചെലവിന്റെ പേരില്‍ നിരവധി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് മൂലം ജനങ്ങള്‍ക്ക് നേരിട്ട പ്രയാസങ്ങളും ചര്‍ച്ചയാകും. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പ്രതികാര നടപടിയായി സ്ഥലംമാറ്റുന്നുവെന്നും യൂണിയനുകള്‍ ആരോപണമുന്നയിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com