നാടകീയം ആ ഒൻപതര മണിക്കൂർ; ​ഗുണ്ടാപ്പട നേട്ടോട്ടം ഓടി; ഒടുക്കം അതിവേ​ഗം ജാമ്യം

ഒൻപതര മണിക്കൂർ നീണ്ട നാടകീയ ഓപറേഷനിലൂടെയാണ് മഹാരാജയെന്ന ബ്ലേഡ് രാജാവിനെ പൊലീസ് പൊക്കിയത്
നാടകീയം ആ ഒൻപതര മണിക്കൂർ; ​ഗുണ്ടാപ്പട നേട്ടോട്ടം ഓടി; ഒടുക്കം അതിവേ​ഗം ജാമ്യം

ൻപതര മണിക്കൂർ നീണ്ട നാടകീയ ഓപറേഷനിലൂടെയാണ് മഹാരാജയെന്ന ബ്ലേഡ് രാജാവിനെ പൊലീസ് പൊക്കിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പളളുരുത്തി സിഐ കെ.ജി.അനീഷിന്‍റെ നേതൃത്വത്തിലുളള എട്ടംഗ പൊലീസ് സംഘം മഹാരാജയെന്ന ബ്ലേഡ് രാജാവിനായി തമിഴ്നാട്ടില്‍ അന്വേഷണം തുടങ്ങിയത്. അന്വേഷണം തുടങ്ങി രണ്ടാം നാള്‍ തന്നെ മഹാരാജന്‍ കൊച്ചി പൊലീസിന്‍റെ കണ്ണില്‍പ്പെട്ടു. എന്നാൽ മുഴുവന്‍ സമയവും മഹാരാജന് കാവലൊരുക്കി നില്‍ക്കുന്ന ഗുണ്ടാ സംഘം പൊലീസിന് വെല്ലുവിളിയായതോടെ കൈയെത്തും ദൂരത്ത് ആളെ കിട്ടിയിട്ടും അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.  ഒരു മാസം മുൻപ് മഹാരാജനെ പിടികൂടി കേരളത്തിലേക്ക് കൊണ്ടും വരും വഴി ഉണ്ടായ അക്രമത്തിന്‍റെ അനുഭവം മുന്നിലുണ്ടായിരുന്നതിനാല്‍ കാത്തിരിക്കാന്‍ തന്നെ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. 

ഒടുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മഹാരാജനെ ഒറ്റയ്ക്ക് പൊലീസിന് കിട്ടി. ചെന്നൈ വിരുതംപാക്കം നടേശനഗറിലെ മഹാരാജന്‍റെ സ്വന്തം വീടിനു മുന്നില്‍ വച്ചാണ് ഇയാളെ പൊലീസിന് ഒറ്റയ്ക്ക് കിട്ടിയത്. വാഹനവുമായി പുറത്തു പോയ ഡ്രൈവറെ കാത്ത് മഹാരാജന്‍ വീടിന് പുറത്തിറങ്ങുകയായിരുന്നു. പുറത്തെ പൊലീസ് സാന്നിധ്യത്തെ കുറിച്ച് ഇയാൾക്ക് സൂചനയുമുണ്ടായിരുന്നില്ല ബ്ലേഡ് രാജന്. 

വീടിനു പുറത്ത് മഫ്തിയില്‍  കാത്തുനിന്ന പൊലീസ് സംഘം ഞൊടിയിടയില്‍ ഇയാളെ കീഴ്പ്പെടുത്തി. കുതറിയോടാന്‍ മഹാരാജന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തില്‍ പൊലീസിനോട് പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒച്ചയിട്ട് ആളെ കൂട്ടാൻ നോക്കി. മഹാരാജന്‍റെ നിലവിളി കേട്ട് വീടിനുളളില്‍ നിന്ന് സ്ത്രീകളടക്കമുളള ഇയാളുടെ ബന്ധുക്കളും ഗുണ്ടകളും ഓടിയെത്തിയതോടെ സ്ഥിതി കൂടുതല്‍ സംഘര്‍ഷാത്മകമായി. ആള്‍ക്കൂട്ടം അക്രമിച്ച് കീഴ്പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പൊലീസിന്‍റെ പെട്ടെന്നുളള ഈ നീക്കത്തില്‍ പകച്ചു പോയ ഗുണ്ടാ സംഘം ചിതറിയോടി. ഈ ബഹളത്തിനിടെ മഹാരാജനുമായി കെ.ജി അനീഷിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം വാഹനത്തില്‍ കുതിച്ചു.

പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് മഹാരാജന്‍റെ ഗുണ്ടകളും പിന്നാലെയെത്തി. റോഡരികില്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന നില വന്നതോടെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് പളളുരുത്തി സിഐയും സംഘവും കയറി സഹായമഭ്യര്‍ഥിച്ചു. ഈ സമയത്ത് മാത്രമാണ് തമിഴ്നാട് പൊലീസിന് കേരള പൊലീസിന്‍റെ ഓപ്പറേഷനെ പറ്റി വിവരം കിട്ടിയത്. തമിഴ്നാട്ടിലെ പൊലീസുകാരുമായി മഹാരാജന് അടുത്ത ബന്ധമുണ്ടെന്ന് മനസിലാക്കിയതിനാല്‍ ലോക്കല്‍ പൊലീസ് അറിയാതെയായിരുന്നു കേരള പൊലീസിന്‍റെ ഓപറേഷന്‍. ‍ഇതിനിടെ ഡിജിപിയും, ഐജിയും ഉള്‍പ്പെടെയുളള കേരളത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ തമിഴ്നാട് പൊലീസിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നതിനാല്‍ കേരള പൊലീസിന് സംരക്ഷണം നല്‍കാന്‍ തമിഴ്നാട് പൊലീസ് നിര്‍ബന്ധിതരുമായി. 

പൊലീസ് സംഘത്തെ പിന്തുടര്‍ന്നെത്തിയ ഗുണ്ടകള്‍ ഇതിനിടെ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പൊലീസുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് വ്യക്തമായതോടെ മഹാരാജന്‍ പുതിയ നമ്പരിട്ടു. നെഞ്ച് പൊത്തി പിടിച്ച് ഉച്ചത്തില്‍ കരഞ്ഞു. നെഞ്ച് വേദനയാണെന്നും ആശുപത്രിയില്‍ പോകണമെന്നുമായിരുന്നു ആവശ്യം. രക്ഷപ്പെടാനുളള അടവാണെന്ന് കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായെങ്കിലും കസ്റ്റഡിയിലുളള പ്രതിയായതിനാല്‍ ആശുപത്രിയിലെത്തിച്ചേ മതിയാകൂ എന്ന തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം മൂലം സമീപത്തെ ആശുപത്രിയിലേക്ക് മഹാരാജനെ കൊണ്ടുപോയി. കനത്ത കാവലിലായിരുന്നു ഈ യാത്ര. രക്തസമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം മാത്രമേ ഉള്ളൂവെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതോടെ മഹാരാജന്‍റെ നാടകം പൊളിഞ്ഞു. അപ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു.

രാത്രിയില്‍ തമിഴ്നാട്ടില്‍ തന്നെ മഹാരാജനുമായി തുടരുന്നത് അപകടമാണെന്ന് മനസിലാക്കിയ പൊലീസ് സംഘം തൊട്ടടുത്ത വിമാനം പിടിക്കാനായി ചെന്നൈ വിമാനത്താവളത്തിലേക്ക് കുതിച്ചു. ഈ സമയത്തും ഗുണ്ടാ സംഘം പൊലീസിനെ പിന്തുടര്‍ന്നു. പ്രതിയുമായി വിമാനത്താവളത്തിലെത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാന്‍ പിന്നെയും സമയമേറെയെടുത്തു. ഈ സമയത്തെല്ലാം പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് ഗുണ്ടാ സംഘം വിമാനത്താവള പരിസരത്ത് തുടര്‍ന്നു. ഒടുവില്‍ രാത്രി ഒമ്പതരയോടെ വിമാനത്തവാളത്തിനുളളില്‍ കയറാന്‍ കഴിഞ്ഞപ്പോഴാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ശ്വാസം നേരെ വീണത്.

അതേസമയം കേരള പൊലീസ് ജീവൻ പണയം വച്ച് നടത്തിയ ഓപറേഷനായിരുന്നെങ്കിലും അറസ്റ്റിലാതിന് തൊട്ടുപിന്നാലെ മഹാരാജൻ അതിവേ​ഗ ജാമ്യം സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. വൈകീട്ടോടെ മജിസ്‌ട്രേറ്റിന് മുന്നില്‍  അന്വേഷണസംഘം ഹാജരാക്കിയപ്പോൾ നാളെ പതിനൊന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇതിന് തയ്യാറാണെന്നറിയിച്ചതോടെയാണ് അതിവേ​ഗ ജാമ്യം  ലഭിച്ചത്.

പൊലീസ് പത്തുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യമായിരുന്നു മുന്നോട്ട് വെച്ചത്. മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ സംസ്ഥാന പൊലീസ് അസംതൃപ്തരാണ്. പ്രതിയെ ചെന്നൈയില്‍ അടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തിലാണ് പത്തുദിവസത്തെ കസ്റ്റഡി ആവശ്യം പൊലീസ് മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രതിക്കെതിരെ ചുമത്തിയ കുറ്റമാണ് ജാമ്യം അതിവേഗത്തില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. മഹാരാജന്റെ അറസ്റ്റ് ഒഴിവാക്കാന്‍ വലിയ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com