പ്രായം വെറും ഒരു അക്കം മാത്രം; ജീവിതത്തിലെ അതിസുന്ദരമായ നിമിഷങ്ങള്‍ പങ്കുവച്ച് വയോജന അയല്‍ക്കൂട്ടം

വയോജനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായാല്‍ 950 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വ്യായാമ കേന്ദ്രത്തില്‍ ഡംബലുകളും വെയിറ്റ് ലിഫ്റ്റിങ്ങ് ബാറുകളും എത്തിച്ചേര്‍ന്നെന്നിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുളന്തുരുത്തി: മണീട് പഞ്ചായത്തിലെ ചൈതന്യ വയോജന അയല്‍ക്കൂട്ടത്തിലെ 61 വയസ്സുകാരി എ.ജി. പുഷ്പവല്ലി മുതല്‍ 81 വയസ്സുകാരി റാഹേല്‍ കുര്യാക്കോസ് വരെയുള്ളവര്‍ ഒരുനാള്‍ ചര്‍ച്ചചെയ്തത് തങ്ങളുടെ കൂട്ടത്തില്‍ ഇതുവരെ ട്രെയിന്‍ യാത്ര ചെയ്യാത്തവരെ കുറിച്ചായിരുന്നു. പലരും ഇതുവരെ ട്രെയിനിലോ ബോട്ടിലോ യാത്ര ചെയ്തിട്ടില്ല എന്ന് യോഗം കണ്ടെത്തി. പിന്നെ ഒട്ടും അമാന്തിച്ചില്ല യൂണിറ്റ് അംഗങ്ങള്‍ പഠനയാത്ര എന്നപേരില്‍ ഒരു സമഗ്ര ടൂര്‍ പാക്കേജ് തയ്യാറാക്കി. ആദ്യം തൃപ്പൂണിത്തുറയിലെ പുരാവസ്തു മ്യൂസിയം സന്ദര്‍ശനം. പിന്നെ കൊച്ചി മെട്രോയില്‍ യാത്ര. തീര്‍ന്നില്ല എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സായാഹ്ന കായല്‍ യാത്രയും. ഇത് ഒരു ചൈതന്യ അയല്‍ക്കൂട്ടത്തിന്റെ മാത്രം കഥയല്ല.കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കിനു കീഴിലും കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിനു കീഴിലുമുള്ള നൂറുകണക്കിന് വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇത്തരം ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. അതിശയോക്തിയല്ല പല മുതിര്‍ന്ന അംഗങ്ങളുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിച്ചത് ഇത്തരം കൂട്ടായ്മകളാണ്.

2015 നവംബറില്‍ മൂന്നുവര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച വയോജന അയല്‍ക്കൂട്ട പദ്ധതി 2019 മാര്‍ച്ച് വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.കുടുംബശ്രീ ജില്ലാമിഷന് കീഴിലാണ് അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഒരു അയല്‍കൂട്ടത്തിലുണ്ടാകും. മാസത്തില്‍ രണ്ട് തവണയാണ് ഈ അയല്‍ക്കൂട്ടങ്ങള്‍ ചേരുന്നത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഇവരുടെ യോഗം വ്യക്തിപരവും സാമൂഹ്യപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ 15 ദിവസത്തെ പ്രധാന പത്രവാര്‍ത്തകളും യോഗം വിശകലനം ചെയ്യും. തങ്ങളുടെ ഓര്‍മകളും വിദ്യാലയങ്ങളില്‍ പഠിച്ച കഥയും കവിതയുമെല്ലാം അംഗങ്ങള്‍ പരസ്പരം പങ്കു വയ്ക്കും. ഇതിനിടയില്‍ തങ്ങളുടെ ഭാവി പരിപാടിയും ഉരുത്തിരിഞ്ഞു വരുമെന്ന് എടയ്ക്കാട്ടുവയലിലെ അയല്‍ക്കൂട്ട അംഗമായ അത്തിക്കനിരപ്പേല്‍ വിശ്വംഭരന്‍ പറയുന്നു. വിവിധ അയല്‍ക്കൂട്ടങ്ങള്‍ കൂട്ടിയിണക്കി പ്രാദേശിക വികസന സമിതികളും പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീയില്‍ നിന്നും വ്യത്യസ്തമായി 60വയസ്സിനു മുകളിലുള്ള പുരുഷനും സ്ത്രീക്കും ഇതില്‍ അംഗങ്ങളാകാം. എന്നാല്‍ ഭാരവാഹികള്‍ സ്ത്രീകളാകണമെന്ന് മാത്രം. ചില യൂണിറ്റുകളില്‍ രക്ഷാധികാരി സ്ഥാനത്തേക്ക് പുരുഷ അംഗങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആവിഷ്‌കരിച്ച പദ്ധതി ആരോഗ്യം, ഉപജീവനം, സാമൂഹ്യരംഗം എന്നിങ്ങനെ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ യോഗ പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു. ഉപജീവന മേഖല കേന്ദ്രീകരിച്ചാണ് വയോജന അയല്‍കൂട്ടങ്ങളില്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സ്വയംതൊഴില്‍ പദ്ധതികളുടെ ഭാഗമായി ചെറിയ കടകള്‍, പലഹാര നിര്‍മാണം, ഡിറ്റര്‍ജെന്റ് ഉല്‍പന്നങ്ങള്‍, കൃഷി, എന്നിങ്ങനെ വിവിധ വരുമാനമാര്‍ഗ്ഗങ്ങളില്‍ വയോജനങ്ങള്‍ ഏര്‍പ്പെടുന്നു.

വയോജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടി വിവിധ പദ്ധതികളിലായി ധനസഹായം ലഭ്യമാക്കുന്നു. ഒരു അയല്‍ക്കൂട്ട യൂണിറ്റിന് സംരംഭം തുടങ്ങുന്നതിനായി 15,000 രൂപയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടായി 15,000 രൂപയും ലഭ്യമാക്കുന്നു. സംരംഭങ്ങള്‍ തുടരുന്നിടത്തോളം കാലം ആദ്യം ലഭിച്ച ഫണ്ട് തിരിച്ചടക്കേണ്ടതില്ല. കുടുംബശ്രീ മിഷന്റെ കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നും ആവശ്യമുള്ള അംഗങ്ങള്‍ക്ക് ഒരു വര്‍ഷ കാലാവധിയില്‍ അന്‍പതിനായിരം രൂപ വായ്പ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കുന്നു. പശു വളര്‍ത്തല്‍, ഓട്ടോറിക്ഷ തുടങ്ങി വിവിധ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇത്തരം ധനസഹായങ്ങള്‍ വയോജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നു. മക്കളെയും പങ്ക് ചേര്‍ത്താണ് ഈ വായ്പ അനുവദിക്കുന്നത്. പഞ്ചായത്തിലെ വിവിധ വികസന കാര്യങ്ങളിലും മറ്റു പൊതുകാര്യങ്ങളിലും വയോജനങ്ങളുടെ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്താന്‍ അയല്‍കൂട്ട പദ്ധതിക്ക് സാധിക്കുന്നുണ്ട്. വിവിധ പദ്ധതികളില്‍ ഇവരുടെ അഭിപ്രായങ്ങള്‍ ആരായുകയും അവയ്ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നു.

സാമൂഹ്യരംഗത്തെ വയോജനങ്ങളുടെ സംഭാവനകള്‍ക്ക് മികച്ച ഉദാഹരണമാണ് മുളന്തുരുത്തി ബ്ലോക്കിനു കീഴിലുള്ള വിവിധ വയോജന അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. പച്ചക്കറി ഉത്പാദനം മുതല്‍ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനം വരെ നീളുന്നതാണ് ഇവരുടെ സാമൂഹ്യ സേവന രംഗത്തെ സംഭാവനകള്‍. സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ തങ്ങള്‍ക്കാവും വിധം ഇവര്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം, ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി ദിനത്തില്‍ ഔഷധ സസ്യങ്ങളുടെ വിതരണം തുടങ്ങി അവസരത്തിനൊത്ത് ഉയരാന്‍ ഇവര്‍ക്കാവുന്നു. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ അയല്‍ക്കൂട്ടം മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പരിചരിക്കുന്ന കേന്ദ്രങ്ങളില്‍ ഒരു ദിവസം ചെലവഴിച്ചും തങ്ങളുടെ വാര്‍ധക്യകാലം ക്രിയാത്മകമാക്കുന്നു. അനാഥാലയങ്ങളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചും ഇവര്‍ സമൂഹത്തില്‍ പ്രത്യാശയുടെ മധുരം പകരുന്നു. സ്വന്തം ചെലവില്‍ നാടിനു വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച അയല്‍ക്കൂട്ടവും മണീട് പഞ്ചായത്തിലുണ്ട്.

ഒരു പഞ്ചായത്തിലെ വയോജന അയല്‍ക്കൂട്ടങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് കുടുംബശ്രീ നിയോഗിച്ച ഒരു വയോജന അനിമേറ്റര്‍ ആണ് വയോജന യോഗം ചേരുന്നതിനും ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുമെല്ലാം ഈ അനിമേറ്റര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്നു മുതിര്‍ന്ന പൗരന്മാരുടെ വിവിധ കലാപരിപാടികള്‍ ഒരുക്കുവാനും അനിമേറ്റര്‍മാര്‍ സഹായിക്കുന്നു. കലാവാസനയും നേതൃത്വപാടവവുമുള്ള വയോജനങ്ങള്‍ വിവിധതരത്തില്‍ സമൂഹത്തില്‍ സക്രിയമായി ഇടപെടാന്‍ ആഗ്രഹമുള്ളവര്‍ ആണെന്ന് എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വയോജന അനിമേറ്റര്‍ വിന്‍സി സൂരജ് പറയുന്നു.

മുതിര്‍ന്ന പൗരന്മാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാന്‍ വേണ്ടി എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് ഒരു വയോജന വ്യായാമ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസുകളും മറ്റ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും ഈ കേന്ദ്രത്തില്‍ സംഘടിപ്പിച്ചുവരുന്നു. കേന്ദ്രത്തില്‍ വയോജനങ്ങള്‍ക്കായി യോഗ പരിശീലനം ആരംഭിക്കുവാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. വയോജനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായാല്‍ 950 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വ്യായാമ കേന്ദ്രത്തില്‍ ഡംബലുകളും വെയിറ്റ് ലിഫ്റ്റിങ്ങ് ബാറുകളും എത്തിച്ചേര്‍ന്നെന്നിരിക്കും. പ്രായം വെറും ഒരു അക്കം മാത്രം എന്നതാണെല്ലോ ഇപ്പോഴത്തെ ഒരു ലൈന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com