മിഠായിതെരുവിനെ തിരിച്ചുപിടിക്കാൻ അവർ ഒത്തുചേരുന്നു; എല്ലാ കണ്ണുകളും കോഴിക്കോട്ടേയ്ക്ക്

മിഠായിതെരുവിനെ തിരിച്ചു പിടിക്കാം എന്ന മുദ്രാവാക്യവുമായി ‘ഒകുപൈ എസ് എം സ്ട്രീറ്റ്’ ബഹുജന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഹോട്ടൽ ന്യൂ നളന്ദയിൽ ചേരുന്നു
മിഠായിതെരുവിനെ തിരിച്ചുപിടിക്കാൻ അവർ ഒത്തുചേരുന്നു; എല്ലാ കണ്ണുകളും കോഴിക്കോട്ടേയ്ക്ക്

കോഴികോട്ടെ പ്രധാന സാംസ്കാരിക ഇടങ്ങളില്‍ ഒന്നായ മിഠായിതെരുവിനെ തിരിച്ചു പിടിക്കാം എന്ന മുദ്രാവാക്യവുമായി ‘ഒകുപൈ എസ് എം സ്ട്രീറ്റ്’ ബഹുജന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് 4-30 ന് കോഴിക്കോട് ഹോട്ടൽ ന്യൂ നളന്ദയിൽ ചേരുന്നു. പാട്ടും പറച്ചിലും പ്രതിഷേധങ്ങളും ഒക്കെയായി കാലങ്ങളായി കോഴിക്കോട് ന​ഗ​രത്തിലെ ഏറ്റവും സജീവമായി നിൽക്കുന്ന ഇടമാണ് മിഠായിതെരുവ്.

കോഴിക്കോട്ടെ രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും കൺവെൻഷനിൽ ഒത്തുചേരും. പരിപാടിയില്‍ സിനിമാ,നാടക രംഗത്തെ പ്രമുഖരും എഴുത്തുകാരും പങ്കെടുക്കും.

കോഴികോടിന്‍റെ പ്രിയപ്പെട്ട തെരുവ് ഗായകന്‍ ബാബു ഭായിയെ മിഠായിതെരുവില്‍ പാടാന്‍ അനുവദിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു. മിഠായി തെരുവില്‍ കഴിഞ്ഞ 35 കൊല്ലമായി കേള്‍ക്കുന്നതാണ് ബാബുവിന്റെ പാട്ട്. തെരുവിലെ എസ്.കെ. പൊറ്റക്കാട് പ്രതിമക്ക് സമീപം തെരുവ് ഗാനം പാടിയിരുന്ന ബാബു ഭായിയോട് തെരുവില്‍ ഇനി പാടരുത് എന്ന് പൊലീസ് പറഞ്ഞത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. നിരവധി പേരാണ് ബാബുവിനും കുടുംബത്തിനും വേണ്ടി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിലും നിരവധി പേര്‍ വിഷയമേറ്റെടുത്തിരുന്നു. തുടര്‍ന്ന് ബാബുവിന് വേണ്ടി സഫ്ദര്‍ ഹാഷ്മി നാട്യസംഘം മിഠായിതെരുവിലെ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബാബുവിന്റെ ഭാര്യ ലതയും എല്ലാവരുടെയും കൂടെ പാടി.

ഇത് കൂടാതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യു ഉള്‍പടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിരോധിത മേഖലയില്‍ പ്രകടനം നടത്തിയതിന് ജോയ് മാത്യു ഉള്‍പ്പെടെ തിരിച്ചറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com