മല്‍സരം ഞാനും രാഹുലും തമ്മില്‍ ; ഒരു കാരണവശാലും രാഹുല്‍ വയനാട്ടില്‍ നിന്നും ജയിച്ചുപോകില്ല : തുഷാര്‍ വെള്ളാപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2019 03:30 PM  |  

Last Updated: 01st April 2019 03:30 PM  |   A+A-   |  

 

കോഴിക്കോട് : വയനാട്ടില്‍ മല്‍സരിക്കാനിറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇവിടെ നിന്നും വിജയിച്ച് പോകില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കും. മലയാളി അല്ലാത്തൊരാള്‍ എന്തിന് കേരളത്തില്‍ വന്ന് മല്‍സരിക്കുന്നു. മല്‍സരിക്കാന്‍ കേരളത്തില്‍ ഇഷ്ടം പോലെ മലയാളികള്‍ ഇല്ലേയെന്നും തുഷാര്‍ ചോദിച്ചു. 

വയനാട്ടില്‍ നിന്നും രാഹുല്‍ ഒരു കാരണവശാലും ജയിച്ചു പോകില്ല. അറിയാത്ത ഒരാള്‍ക്ക് വോട്ടു ചെയ്യതിനേക്കാള്‍ നല്ലതല്ലേ, അറിയുന്നവര്‍ക്ക് വോട്ടു ചെയ്യുക. വയനാട്ടില്‍ താനും രാഹുല്‍ ഗാന്ധിയും തമ്മിലാകും പോരാട്ടമെന്നും തുഷാര്‍ പറഞ്ഞു. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വയനാട്ടിലെ തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അമിത് ഷാ കുറിച്ചു. എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.