കടുത്ത ചൂട് നാളെ വരെ തുടരും, മൂന്ന് ഡിഗ്രി വരെ ഉയരും; മലപ്പുറത്ത് സ്‌കൂളുകള്‍ക്ക് അവധി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st April 2019 07:06 AM  |  

Last Updated: 01st April 2019 07:07 AM  |   A+A-   |  

 

തിരുവനന്തപുരം: കേരളത്തില്‍ നാളെ വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. പാലക്കാട് ചൂടിന്റെ തീവ്രതയും ഇന്നു കൂടും. സൂര്യാഘാത മുന്നറിയിപ്പ് ഉളളതിനാല്‍ മലപ്പുറം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്.

സംസ്ഥാനത്ത് ഇന്നലെ 24 പേര്‍ക്കു സൂര്യാതപമേറ്റു. വര്‍ക്കല നഗരസഭ സ്ഥിരസമിതി അധ്യക്ഷ ഷിജിമോള്‍ക്കു സ്‌കൂട്ടര്‍ യാത്രയ്ക്കിടെ സൂര്യാതപമേറ്റു. എറണാകുളം (8), ആലപ്പുഴ, കൊല്ലം (5 വീതം), പാലക്കാട് (4), തൃശൂര്‍ (1) എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ സൂര്യാതപമേറ്റവര്‍. ഇന്നലെ പാലക്കാട്ടായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് - 39.3 ഡിഗ്രി. പുനലൂരില്‍ 38 ഡിഗ്രിയും. എല്ലാ ജില്ലയിലും ശരാശരിയെക്കാള്‍ 2 ഡിഗ്രി ചൂട് കൂടി.

കാസര്‍കോട് രാജപുരത്തു പുല്ലരിഞ്ഞ ശേഷം വീട്ടിലെത്തിയ വീട്ടമ്മ തളര്‍ന്നു വീണു മരിച്ചു. തായന്നൂര്‍ തേറംകല്ലിലെ കെ. സുധാകരന്റെ ഭാര്യ ശാന്ത (53) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു തിരുവനന്തപുരം പ്രസ് ക്ലബിനു സമീപം കുഴഞ്ഞു വീണ വിഴിഞ്ഞം സ്വദേശി ഹക്കീം ഷാ (60) ഓടയില്‍ തലയിടിച്ചു മരിച്ചു. സൂര്യാതപമേറ്റാണു കുഴഞ്ഞു വീണതെന്നു സംശയിക്കുന്നു.