ജേക്കബ് തോമസ് മല്‍സരത്തിനില്ല ; ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ട്വന്റി-20

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2019 12:51 PM  |  

Last Updated: 01st April 2019 12:51 PM  |   A+A-   |  

 

കൊച്ചി : ഡിജിപി ജേക്കബ് തോമസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മല്‍സരിക്കില്ല. സ്ഥാനാര്‍ത്ഥിയാകുന്നതിനായി ജേക്കബ് തോമസ് സമര്‍പ്പിച്ച രാജിക്കത്ത് സര്‍ക്കാര്‍ ഇതുവരെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ജേക്കബ് തോമസ് മല്‍സരിച്ചില്ലെങ്കില്‍, ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ട്വന്റി-20 വ്യക്തമാക്കി. 

സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ രാജിവെച്ചിട്ട് മാത്രമേ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകൂ. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ജേക്കബ് തോമസ് ഒരു വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനിലാണ്. ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. എന്നാല്‍ സസ്‌പെന്‍ഷനെതിരെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ജേക്കബ് തോമസ് ഇ മെയില്‍ വഴിയാണ് നേരത്തെ രാജിക്കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചത്. എന്നാല്‍ രാജിക്കത്ത് രേഖാമൂലം നല്‍കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് രാജിക്കത്ത് ദൂതന്‍ വശം ചീഫ് സെക്രട്ടറിക്ക് കൈമാറി. ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ രാജി കേന്ദ്രസര്‍ക്കാരും അംഗീകരിക്കേണ്ടതുണ്ട്.