തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിക്ക് ട്യൂബ് വഴി ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കിത്തുടങ്ങി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st April 2019 08:26 AM  |  

Last Updated: 01st April 2019 08:26 AM  |   A+A-   |  

 

തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങി. അതേസമയം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മര്‍ദ്ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കോലഞ്ചേരിയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടേക്കും.കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ പ്രതി അരുണ്‍ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 

കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോള്‍ അരുണിന്റെ കാറില്‍ മദ്യകുപ്പികള്‍ക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കറുകള്‍, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക് സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു. അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്.  തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

ഇതിനിടെ, കുട്ടികളുടെ അമ്മയ്‌ക്കെതിരേ ഭര്‍തൃപിതാവ് രംഗത്തെത്തി. മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണുമായി ബിജു വഴക്കിട്ടിരുന്നെന്നും മരുമകളുമായി എങ്ങനെയാണ് പരിചയത്തിലായതെന്ന് അറിയില്ലെന്നുമാണ് അച്ഛന്‍ പറഞ്ഞത്. 

2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് ബിജു മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. ബിജു മരിച്ച ദിവസം തന്നെ അരുണ്‍ ആനന്ദ് വീട്ടിലെത്തി മരുമകളെ കണ്ടു സംസാരിച്ചിരുന്നു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസമാണ് അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതെന്ന് ബാബു പറയുന്നു. 

''ബിജുവിനോട് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുന്‍പു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നാണ് അച്ഛന്റെ വാക്കുകള്‍. ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചതായും ബാബു വ്യക്തമാക്കി. വര്‍ക്‌ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും വര്‍ക്‌ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ചും തങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു ബിജു. 

ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍. ബിജുവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നും സ്‌നേഹത്തിലായതെന്നുമാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഏഴു വയസുകാരനെ ആക്രമിച്ച സംഭവത്തില്‍ അമ്മയേയും പൊലീസ് പ്രതിചേര്‍ത്തു.