ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുറ്റപത്രം നൽകുന്നത് വൈകുന്നു; കന്യാസ്ത്രീകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2019 06:14 PM  |  

Last Updated: 01st April 2019 06:14 PM  |   A+A-   |  

1536733517-Kerala-Nun-Case-Accused-Bishop-Franco-Mulakkal

 

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സം​ഗ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. കുറ്റപത്രം നൽകുന്നത് വൈകുന്നതിൽ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകൾ സമരവുമായി വീണ്ടും രം​ഗത്തിറങ്ങുന്നത്. ഈ മാസം ആറിന് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കൊച്ചിയിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് ആയിരുന്നു ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ആയിരുന്നു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

2017 ജൂൺ 27നായിരുന്നു കുറവിലങ്ങാട് മഠത്തിൽ വച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസമുണ്ടായി. പിന്നാലെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ എറണാകുളം വഞ്ചി സ്ക്വയർ പ്രത്യക്ഷ സമരം തുടങ്ങി. 

ദേശീയ ശ്രദ്ധയാകർഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം പൊലീസ് ഇതുവരെ കോടതിയിൽ സമർപ്പിച്ചില്ല. ഇതിനെ തുടർന്നാണ് കന്യാസ്ത്രീകൾ സമരവുമായി വീണ്ടും തെരുവിലേക്കിറങ്ങുന്നത്.