രാഹുല്‍ ആരെ തോല്‍പ്പിക്കാനാണ് വയനാട്ടില്‍ മല്‍സരിക്കുന്നത് ? : ശ്രീധരന്‍പിള്ള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2019 10:29 AM  |  

Last Updated: 01st April 2019 10:29 AM  |   A+A-   |  

 

കോഴിക്കോട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ പോരാട്ടമാകും എന്‍ഡിഎ കാഴ്ച വെക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശക്തനായ സ്ഥാനാര്‍ത്ഥിയെയാകും എന്‍ഡിഎ രാഹുലിനെതിരെ നിര്‍ത്തുക എന്ന് പറഞ്ഞ ശ്രീധരന്‍പിള്ള, നിലവിലെ സ്ഥാനാര്‍ത്ഥി മാറുമെന്ന സൂചനയും നല്‍കി. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തന്നെ തീരുമാനമെടുക്കും. 

രാഹുല്‍ഗാന്ധി ആരെ തോല്‍പ്പിക്കാനാണ് വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന് വ്യക്തമാക്കണം. നരേന്ദ്രമോദിയെ തോല്‍പ്പിക്കാനാണോ ഇവിടെ മല്‍സരിക്കുന്നത്. അതോ മല്‍സരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണോ. ഇക്കാര്യം രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വയനാട്ടിൽ ബിഡിജെഎസ് മൽസരിക്കണോ ബിജെപി മൽസരിക്കണോ എന്ന് പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ, ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് മാറും. ബിഡിജെഎസ് അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ പി എസ് ശ്രീധരന്‍ പിള്ള, സുരേഷ് ഗോപി എംപി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ടോം വടക്കനെ മല്‍സരിപ്പിക്കുന്നതും ബിജെപിയുടെ ആലോചനയിലുണ്ട്.