സിപിഎം കോണ്‍ഗ്രസിന്റെ തിണ്ണനിരങ്ങുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രാദേശിക പാര്‍ട്ടിയായി മാറും: പരിഹസിച്ച് മുല്ലപ്പളളി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st April 2019 10:18 AM  |  

Last Updated: 01st April 2019 10:21 AM  |   A+A-   |  

 

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്. 
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത്സരിക്കരുത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം പ്രാദേശിക പാര്‍ട്ടിയാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പരിഹസിച്ചു.

ഫാസിസത്തെ പരാജയപ്പെടുത്താനും, ജനാധിപത്യവും മതേതരത്വവും ഊട്ടിയുറപ്പിക്കാനുമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെങ്കില്‍, അവര്‍ തീര്‍ച്ചയായും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകണം. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും ചെറിയ ഒരു പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറാന്‍ പോകുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിസിസി ഓഫീസില്‍ ,തിണ്ണനിരങ്ങുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. എന്തിന് വേണ്ടി? ആ സഖ്യത്തില്‍ പങ്കാളിയാക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സിപിഎം നിലക്കൊളളുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പളളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.