ഇടതു സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ട, ദേശാഭിമാനിക്കു മറുപടി ജനങ്ങള്‍ നല്‍കും: ഉമ്മന്‍ ചാണ്ടി

ഇടതു സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ട, ദേശാഭിമാനിക്കു മറുപടി ജനങ്ങള്‍ നല്‍കും: ഉമ്മന്‍ ചാണ്ടി 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച സിപിഎം മുഖപത്രത്തിന് ആ ഭാഷയില്‍ മറുപടി പറയാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അതിനുള്ള മറുപടി ഈ മാസം 23ന് ജനങ്ങള്‍ നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയുടെ ഭാഷ കടമെടുത്താണ് രാഹുല്‍ ഗാന്ധിയെ സിപിഎം ആക്ഷേപിക്കുന്നത്. ഈ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ല. 23ാം തീയതി ജനങ്ങള്‍ അതിനു മറുപടി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ തെറ്റായ സന്ദേശം എന്താണ്? മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തി എപ്പോഴും നിലപാടെടുക്കുന്നത് സിപിഎം ആണ്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നിലപാടു മൂലം ചില സീറ്റുകളില്‍ ബിജെപിക്കു ഗുണം ലഭിച്ചിട്ടുണ്ട്. സിപിഎമ്മിനു ശക്തിയുള്ള കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഇല്ല. അവര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണ് ഇക്കാര്യം. പിന്നെ എന്തു തെറ്റായ സന്ദേശം എന്നാണ് മുഖ്യമന്ത്രി പറയുന്നത്? -ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഹിന്ദു മേഖലയില്‍നിന്നു രാഹുല്‍ ഒളിച്ചോടിയെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോല്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വയനാട് 52 ശതമാനം ഹിന്ദുക്കള്‍ ഉള്ള മണ്ഡലമാണ്. വയനാട് ജില്ല മാത്രമെടുത്താല്‍ 62 ശതമാനമാണ് ഹിന്ദുക്കളുടെ എണ്ണം- അദ്ദേഹം വിശദീകരിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം എന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ഇതു രാഷ്ട്രീയമായ മത്സരമാണ്. കോണ്‍ഗ്രസുമായി നീക്കുപോക്കു വേണ്ടെന്നു തീരുമാനിച്ചത് അവരാണ്. എന്നിട്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ എന്തിനാണിത്ര വിറളി എന്നാണ് അവരോടു ചോദിക്കാനുള്ളത്. ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം എന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞത് പ്രത്യേക സാഹചര്യത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com