ഇന്നസെന്റിന് 4.6 കോടി സ്വത്ത്, ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍; രാജീവിന് 4.8 കോടി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെകുടുംബങ്ങളുടെയും ആസ്തി നാലരക്കോടിക്ക് മുകളില്‍
ഇന്നസെന്റിന് 4.6 കോടി സ്വത്ത്, ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍; രാജീവിന് 4.8 കോടി

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ
കുടുംബങ്ങളുടെയും ആസ്തി നാലരക്കോടിക്ക് മുകളില്‍. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരുടെയും ആസ്തിവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന പി രാജീവിന്റെയും കുടുംബത്തിന്റെയും ആസ്തി 4.80 കോടി രൂപയാണ്. രാജീവിന്റെ കൈവശമുളള രൊക്കം പണം ആയിരം രൂപയാണ്. ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിന്റെയും കുടുംബത്തിന്റെയും പേരില്‍ 4.61 കോടി രൂപയുടെ സ്വത്തുക്കളാണ് ഉളളത്. ഇന്നസെന്റിന്റെ കൈവശം രൊക്കം പണമായി 10000 രൂപയുണ്ട്. ഭാര്യയുടെ കൈയില്‍ 5000 രൂപയുളളതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജീവിന്റെ സ്വന്തം പേരില്‍ ഭൂമിയോ കെട്ടിടമോ ഇല്ല. 8,14,567 രൂപയുടെ ബാധ്യതയുണ്ട്. 9 ലക്ഷം രൂപ മൂല്യമുളള 2012 മോഡല്‍ ഇന്നോവ കാര്‍ സ്വന്തമായുണ്ട്. ബാങ്ക് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്. രാജീവിന്റെ അമ്മയുടെയും ഭാര്യയുടെയും പേരില്‍ 4,64,09,266 രൂപ മൂല്യമുളള വസ്തുവകകളുണ്ട്. ഭാര്യക്ക് 11.69 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 7.25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും 24 ലക്ഷം രൂപ വിലയുളള സ്വര്‍ണവും 1.90 കോടി രൂപ മൂല്യമുളള സ്ഥാവര സ്വത്തുമുണ്ട്.അമ്മയുടെ പേരില്‍ 2.31 കോടിയുടെ വസ്തുക്കളുണ്ട്.

ഇന്നസെന്റിന്റെ ജംഗമ ആസ്തി 2,93,76,262 രൂപയാണ്. വാഹനം, സ്വര്‍ണം, ബാങ്ക് നിക്ഷേപങ്ങള്‍ എന്നി ജംഗമസ്വത്തുക്കളുടെ ആകെ മൂല്യമാണിത്. ഭൂമി, വീട് എന്നി സ്ഥാവര ആസ്തികളുടെ മൂല്യം 10,263,700 രൂപയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരം നിക്ഷേപമായി 2,30,35,331 രൂപയുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ സ്വന്തം പേരിലുളള അക്കൗണ്ടില്‍ 19,525 രൂപയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ശാഖയിലെ അക്കൗണ്ടില്‍ 50,199 രൂപ 33 പൈസയുണ്ട്. മൂന്ന് വാഹനങ്ങളാണുളളത്. ഒരു ബെന്‍സും രണ്ട് ഇന്നോവ കാറുകളും. ബെന്‍സ് കാര്‍ 2016ല്‍ സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയതാണ്. 18 ലക്ഷം രൂപയാണ് വില. 2016ല്‍ വാങ്ങിയ ഇന്നോവ കാറിന് 20 ലക്ഷവും 2017ല്‍ വാങ്ങിയ ഇന്നവോ കാറിന് 19.50 ലക്ഷം രൂപയുമാണ് വില. 76 ഗ്രാം സ്വര്‍ണം കൈവശമുണ്ട്.

ഇരിങ്ങാലക്കുട ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ നിന്നെടുത്ത 2,89,166 രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. ഭാര്യ ആലീസിന് 41,33,513.83 രൂപയുടെ ജംഗമ ആസ്തിയുണ്ട്. സ്ഥാവര ആസ്തി 22,55,000 രൂപയുടേതാണ്. ആകെ 63,88,513.83 രൂപയുടെ ആസ്തിയാണ് ആലീസിനുളളത്. അവരുടെ കൈവശമുളളത് 640 ഗ്രാം സ്വര്‍ണമാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ 52,166 രൂപയുണ്ട്. അവിടെ തന്നെ സ്ഥിരനിക്ഷേപമായി 21,88,347 രൂപയുണ്ട്.എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ 19,78,627രൂപയുണ്ട്. അവിടെതന്നെ 15,75,000 രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. കൈവശമുളളത് 50 ഗ്രാം സ്വര്‍ണമാണെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com