കുട്ടിയുടെ നില അതീവഗുരുതരം ; മുഖ്യമന്ത്രി സന്ദര്‍ശിച്ചു ; കുട്ടിക്ക് സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പിണറായി വിജയന്‍

അതീവ ദുഖകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. യന്ത്ര സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിട്ടുള്ളത്
കുട്ടിയുടെ നില അതീവഗുരുതരം ; മുഖ്യമന്ത്രി സന്ദര്‍ശിച്ചു ; കുട്ടിക്ക് സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പിണറായി വിജയന്‍

കൊച്ചി : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മൃതപ്രായനായി മരണത്തോട് മല്ലടിക്കുന്ന കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അതീവ ദുഖകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. യന്ത്ര സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിട്ടുള്ളത്. കുട്ടിക്ക് സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കുട്ടി കഴിയുന്നത്.

തീര്‍ത്തും ഗൗരവകരമായ സാഹചര്യമാണ് ഇപ്പോഴത്തേത്. വെന്റിലേറ്റര്‍ സൗകര്യം തുടരട്ടേ എന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഇത് തുടരുന്നതെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ എല്ലാ ചികില്‍സയും സര്‍ക്കാര്‍ ചെയ്യുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.  

കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും നാട്ടുകാരും. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. 

അതിനിടെ കുട്ടിയെ ഉപദ്രവിച്ച അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെതിരെ പൊലീസ് പോക്‌സോ വകുപ്പും ചുമത്തി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന വകുപ്പ് കൂടി ചുമത്തിയത്. മുട്ടം ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തിട്ടുള്ള പ്രതി അരുണിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്നു തന്നെ അപേക്ഷ സമര്‍പ്പിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com