തുണി വിരിക്കുന്നതില്‍ തര്‍ക്കം; കൊച്ചിയില്‍ ഒന്‍പതു വയസുകാരന്റെ കാല്‍ അടിച്ചു പൊട്ടിച്ചു

ഇടതുകാലിന് പൊട്ടലും തുടയ്ക്കും നട്ടെല്ലിനും പരിക്കുമേറ്റ കുട്ടി കരുവേലിപ്പടി ആശുപത്രിയില്‍ ചികിത്സയിലാണ്
തുണി വിരിക്കുന്നതില്‍ തര്‍ക്കം; കൊച്ചിയില്‍ ഒന്‍പതു വയസുകാരന്റെ കാല്‍ അടിച്ചു പൊട്ടിച്ചു

കൊച്ചി; അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒന്‍പതു വയസുകാരന്റെ കാല്‍ അടിച്ചു പൊട്ടിച്ചു. കൊച്ചിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. തുണിവിരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് രൂപപ്പെട്ട തര്‍ക്കമാണ് കുട്ടിയ്ക്ക് നേരെയുള്ള അക്രമണത്തിലേക്ക് നീങ്ങിയത്. ഇടതുകാലിന് പൊട്ടലും തുടയ്ക്കും നട്ടെല്ലിനും പരിക്കുമേറ്റ കുട്ടി കരുവേലിപ്പടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയല്‍വാസിയായ രഞ്ജിത്തിനേയും (25)  സുഹൃത്ത് ഷാരോണിനേയും (23) പൊലീസ് അറസ്റ്റ് ചെയ്തു. 
 
വ്യാഴാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പനയപ്പിള്ളി സ്വദേശിയായ കുട്ടിയെ രഞ്ജിത്തും ഷാരോണും അടുത്തേക്ക് വിളിച്ചു. ഇവര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലായ കുട്ടി ഇവരുടെ അടുത്തേക്ക് പോയില്ല. അത് കണ്ട് കുട്ടിയെ പിന്നില്‍നിന്ന് കീഴ്‌പ്പെടുത്തിയ അക്രമികള്‍ തല കാലുകള്‍ക്കിടയില്‍ വെച്ച് പൂട്ടി. രണ്ടാളും ചേര്‍ന്ന് കുട്ടിയെ മര്‍ദിച്ചവശനാക്കി. സമീപത്ത് കിടന്ന മരപ്പലകയിലേക്ക് കുട്ടിയെ ഉയര്‍ത്തി താഴേക്കിട്ട ശേഷമാണ് അക്രമികള്‍ മടങ്ങിയത്. 

ആക്രമണത്തില്‍ പരുക്കേറ്റ കുട്ടി വേദന കടിച്ചുപിടിച്ച് കുട്ടി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ അവന്‍ വേദന സഹിക്കാനാകാതെ അമ്മൂമ്മയോട് കാര്യം പറഞ്ഞു. അമ്മൂമ്മ അയല്‍ വീട്ടില്‍ ചെന്ന് ഇത് ചോദ്യം ചെയ്‌തെങ്കിലും തമാശയാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളുകയായിരുന്നു.  രാത്രിയോടെ കുട്ടിക്ക് ശരീരവേദന സഹിക്കാനാകാതെയായി. കാല്‍ നിലത്തുകുത്താന്‍ കഴിയാത്ത സ്ഥിതി. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ഞായറാഴ്ച രാവിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും വേദന കൂടിയതോടെ കരുവേലിപ്പടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിലെ പ്രതികള്‍ അറസ്റ്റിലാണെങ്കിലും ഇവരുടെ സുഹൃത്തുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. അച്ഛന്‍ ഉപേക്ഷിച്ചു പോയതോടെ അമ്മയാണ് കുട്ടികളെ നോക്കുന്നത്. കൂട്ടിന് അമ്മൂമ്മ മാത്രമാണുള്ളത്. ഒന്‍പതു വയസുകാരനെ കൂടാതെ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഏതുസമയവും ആക്രമിക്കപ്പെടാം എന്ന ഭയത്തിലാണ് കുടുംബം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com