ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് കാണാനില്ലെന്ന് യുവതി, മരണത്തിൽ ദുരൂഹത, കുട്ടികളുടെ പേരിലുള്ള മൂന്നര ലക്ഷം പിന്‍വലിച്ചു

ബിജുവിന്റെ പോസ്റ്റ് മോർട്ടം രേഖകൾ ഉൾപ്പെടെ ശേഖരിക്കാനും, വിശദമായ അന്വേഷണം നടത്താനുമാണ് പൊലീസിന്റെ തീരുമാനം
ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് കാണാനില്ലെന്ന് യുവതി, മരണത്തിൽ ദുരൂഹത, കുട്ടികളുടെ പേരിലുള്ള മൂന്നര ലക്ഷം പിന്‍വലിച്ചു

കൊച്ചി : തൊടുപുഴയില്‍  ക്രൂരമായ മർദനത്തിനിരയായ ഏഴു വയസ്സുകാരന്റെ അച്ഛൻ ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബിജുവിന്റെ അച്ഛൻ  മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തൊടുപുഴ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. അതിനിടെ ആദ്യ ഭർത്താവ് ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് കാണാനില്ലെന്ന് കുട്ടികളുടെ അമ്മയായ യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെ ബിജുവിന്റെ മരണത്തിലെ ബന്ധുക്കളുടെ സംശയം കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. 

ബിജുവിന്റെ പോസ്റ്റ് മോർട്ടം രേഖകൾ ഉൾപ്പെടെ ശേഖരിക്കാനും, വിശദമായ അന്വേഷണം നടത്താനുമാണ് പൊലീസിന്റെ തീരുമാനം. അതിനിടെയാണ് ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് കാണാനില്ലെന്ന് യുവതി മൊഴി നൽകിയത്. ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ്, യുവതിയുടെ എസ്എസ്എൽസി, ബിടെക്, വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഫയലിലാക്കി കവറിലാണ് വച്ചിരുന്നത്. ഈ ഫയൽ കാണാതായെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. 

മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു വെളിപ്പെടുത്തിയത്. 2018 മേയ് 23ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് ബിജു മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. ബിജു മരിച്ച ദിവസം തന്നെ അരുണ്‍ വീട്ടിലെത്തി മരുമകളെ കണ്ടു സംസാരിച്ചിരുന്നു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസമാണ് അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതെന്ന് ബാബു പറയുന്നു. 

ഹൃദയാഘാതം മൂലമാണ് ബിജു മരിച്ചതെന്നാണ് അറിയിച്ചത്. എന്നാൽ ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചതായും ബാബു വ്യക്തമാക്കി. വര്‍ക്‌ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും വര്‍ക്‌ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ചും തങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ഭര്‍ത്താവിന്റെ  മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. ബാബുവിന്റെ സഹോദരിയുടെ മകനാണ് പ്രതിയായ അരുൺ. 

അതിനിടെ ആഡംബര ജീവതവും ധൂർത്തും പതിവാക്കിയിരുന്ന അരുൺ, കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതായി കുട്ടികളുടെ അമ്മ പൊലീസിന് മൊഴി നൽകി. ആദ്യ ഭർത്താവ് ബിജുവിന്റെ വീട്ടുകാരാണ് തിരുവനന്തപുരം മുട്ടടയിലെ ബാങ്കിൽ 2 കുട്ടികളുടെ പേരിൽ 6.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. ഇളയ കുട്ടിയുടെ പേരിലുള്ള 3.25 ലക്ഷം രൂപ ഭീഷണിയെ തുടർന്നു പിൻവലിച്ചു. മൂത്ത കുട്ടിയുടെ പേരിലുള്ള തുക പിൻവലിക്കാനും നിരന്തരം ഭീഷണിയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയത് എന്ന കാര്യവും പൊലീസ് വെളിപ്പെടുത്തി. പിതാവിന്റെ മരണത്തെ തുടർന്ന് അരുണിന് ബാങ്കിൽ ആശ്രിത നിയമനമായി ജോലി ലഭിച്ചിരുന്നു. എന്നാൽ ബാങ്കിലെ ജോലി ഉപേക്ഷിച്ച അരുൺ റിയൽ എസ്റ്റേറ്റ് കച്ചവടം, വേളി കായലിൽ നിന്നുള്ള മണൽ മറിച്ചുവിൽപന എന്നിവ നടത്തിയിരുന്നു. ഇതിനിടെ ​ഗുണ്ടാസംഘങ്ങളുമായി അടുത്ത അരുൺ, കോബ്ര അരുൺ എന്നാണ് ഇവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസിൽ 35 ദിവസത്തോളം അരുൺ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com