'മകന്‍ മരിച്ച് മൂന്നാം ദിവസം അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ പറഞ്ഞു'; കുട്ടികളുടെ അമ്മയ്‌ക്കെതിരേ ഭര്‍തൃപിതാവ് 

'ബിജു മരിച്ച ദിവസം തന്നെ അരുണ്‍ ആനന്ദ് വീട്ടിലെത്തി മരുമകളെ കണ്ടു സംസാരിച്ചിരുന്നു. പിറ്റേന്നും വന്നു കണ്ടു'
'മകന്‍ മരിച്ച് മൂന്നാം ദിവസം അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ പറഞ്ഞു'; കുട്ടികളുടെ അമ്മയ്‌ക്കെതിരേ ഭര്‍തൃപിതാവ് 

തൊടുപുഴ; തൊടുപുഴയില്‍ കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മയ്‌ക്കെതിരേ ഭര്‍തൃപിതാവ് രംഗത്ത്. മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണുമായി ബിജു വഴക്കിട്ടിരുന്നെന്നും മരുമകളുമായി എങ്ങനെയാണ് പരിചയത്തിലായതെന്ന് അറിയില്ലെന്നുമാണ് അച്ഛന്‍ പറഞ്ഞത്. 

2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് ബിജു മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. ബിജു മരിച്ച ദിവസം തന്നെ അരുണ്‍ ആനന്ദ് വീട്ടിലെത്തി മരുമകളെ കണ്ടു സംസാരിച്ചിരുന്നു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസമാണ് അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതെന്ന് ബാബു പറയുന്നു. 

''ബിജുവിനോട് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുന്‍പു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നാണ് അച്ഛന്റെ വാക്കുകള്‍. ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചതായും ബാബു വ്യക്തമാക്കി. വര്‍ക്‌ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും വര്‍ക്‌ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ചും തങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു ബിജു. 

ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍. ബിജുവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നും സ്‌നേഹത്തിലായതെന്നുമാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഏഴു വയസുകാരനെ ആക്രമിച്ച സംഭവത്തില്‍ അമ്മയേയും പൊലീസ് പ്രതിചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com