യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്
യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം : കരുനാഗപ്പള്ളി ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ പ്രതികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കൊലക്കുറ്റം ചുമത്തി. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. റിമാന്‍ഡിലായ ഇരുവരെയും ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ വിശദമായി ചോദ്യം ചെയ്യുന്ന പൊലീസ് കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പരിശോധിക്കും. 

അതിനിടെ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഡിജിപിയോടാണ് വനിതാ കമ്മീഷന്‍ വിശദീകരണം തേടിയത്. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവും മാതാവും ചേര്‍ന്ന് പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചത്. ചന്തുലാലിന്റെ സഹോദരിയും പീഡനത്തിന് കൂട്ടുനിന്നതായി നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമാണ്  തുഷാരയ്ക്ക് നല്‍കിയിരുന്നത്. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

2013-ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോൾമുതൽ രണ്ടുലക്ഷംരൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. തുടർന്ന് ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാനോ പോലും അനുവദിച്ചിരുന്നില്ല. 

പ്രാക്കുളം കാഞ്ഞാവെളിയിൽ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം രണ്ടുവർഷംമുൻപാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാൽ വീട്ടിൽ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദർശകർ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവർക്ക് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടിൽനിന്ന്‌ ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തി. സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കൽ, ഭക്ഷണവും ചികിത്സയും നൽകാതിരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ചന്തുലാൽ, ചന്തുലാലിന്റെ അമ്മ ഗീതാലാൽ എന്നിവരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com