വയനാട്ടില്‍ ആയുധവുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 01st April 2019 11:51 PM  |  

Last Updated: 01st April 2019 11:51 PM  |   A+A-   |  

 

കല്‍പ്പറ്റ: ആയുധങ്ങളായി എത്തിയ സംഘം യുവാവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയതായി പരാതി. വയനാട് മാനന്തവാടിയിലാണ് സംഭവം. കെഎല്‍ 57 ക്യു 6370 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ കാര്‍ കൊണ്ട് ഇടിച്ചിടുകയായിരുന്നു. ഉടന്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്നും ഇറങ്ങിവന്ന സംഘം ആയുധങ്ങളുമായി നാട്ടുകാരെ ഭയപ്പെടുത്തിയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. 

ഇടിച്ചിട്ട അതേ കാറില്‍ കയറ്റിയാണ് യുവാവിനെ കൊണ്ടുപോയത്. നാലാംമൈല്‍ ഭാഗത്തേക്കാണ് ഇരുകാറുകളും പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.