ആകെയുള്ളത് 12, 816 രൂപയും അരപ്പവന്‍ സ്വര്‍ണവും; രമ്യ ഹരിദാസിന്റെ സ്വത്ത് വിവരം ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 10:38 AM  |  

Last Updated: 02nd April 2019 10:38 AM  |   A+A-   |  

 

ലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വര്‍ണവുമുണ്ട്. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1, 75,200 രൂപയാണ് രമ്യയുടെ വാര്‍ഷിക വരുമാനം. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ല. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സ്വത്തുവിവര കണക്കിലാണ് വെളിപ്പെടുത്തലുകളുള്ളത്. 

നിലവില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. എല്‍ഐസി ഏജന്റായ അമ്മ രാധയുടെ വാര്‍ഷിക വരുമാനം 12,000 രൂപയാണ്. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണമുണ്ട്. പിതാവിന്റെ പേരില്‍ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. നിലവില്‍ രമ്യക്കെതിരെ മൂന്ന് പൊലീസ് കേസുകളാണുള്ളത്. കോഴിക്കോട് നടക്കാവ് എഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനും കസബ, മുക്കം പൊലീസ് സ്‌റ്റേഷനുകള്‍ ഉപരോധിച്ചതിനുമാണ് കേസുകള്‍. 

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചിറങ്ങുമ്പോള്‍ രമ്യ അപ്രതീക്ഷിതമായാണ് അമ്മ രാധയെ കണ്ടത്. മകള്‍ പത്രിക സമര്‍പ്പിക്കുന്നതു കാണാനെത്തിയതായിരുന്നു. അമ്മയ്ക്കു പൂക്കള്‍ നല്‍കിയാണ് രമ്യ സന്തോഷം പങ്കുവച്ചത്. പിന്നെ അമ്മയോടും പ്രവര്‍ത്തകരോടുമൊപ്പം സെല്‍ഫി പകര്‍ത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ 11.30നാണു രമ്യ പത്രിക നല്‍കാന്‍ കലക്ടറേറ്റിലെത്തിയത്.

തെരഞ്ഞെടുപ്പുയോഗത്തില്‍ അശ്ലീലപരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ  രമ്യ   പൊലീസില്‍ പരാതി നല്‍കും. ഉച്ചകഴിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പിക്ക് പരാതി കൈമാറും. ആശയപരമായ പോരാട്ടത്തില്‍ തോല്‍ക്കുമെന്ന് തോന്നുമ്പോള്‍ വ്യക്തിഹത്യയ്ക്ക് തുനിയുന്നത് ശരിയല്ലെന്ന് രമ്യ പറഞ്ഞു. എ.വിജയരാഘവനോട് ബഹുമാനമുണ്ട്. തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതുരംഗത്ത് നില്‍ക്കുന്നതെന്നും അവര്‍ ആലത്തൂരില്‍ പറഞ്ഞു.