കോണ്‍ഗ്രസിന്റെ ശ്രമം വിവാദങ്ങള്‍ കൊഴുപ്പിച്ച് രാഷ്ട്രീയം ഒഴിവാക്കാന്‍; ആലത്തൂരില്‍ ഇത് വിലപ്പോവില്ലെന്ന് പി കെ ബിജു 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 10:40 AM  |  

Last Updated: 02nd April 2019 10:40 AM  |   A+A-   |  

 

പാലക്കാട്: വിവാദങ്ങള്‍ കൊഴുപ്പിച്ച് രാഷ്ട്രീയം പറയുന്നത് ഒഴിവാക്കാനാണ്  ആലത്തൂരില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അധിക്ഷേപിച്ചെന്ന വിവാദത്തില്‍ കാര്യമില്ലെന്ന് പി കെ ബിജു പ്രതികരിച്ചു. 

എ വിജയരാഘവന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍  മാധ്യമങ്ങളിലെല്ലാം ലഭ്യമാണ്. അതിലെവിടെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. പ്രസംഗത്തെ കുറിച്ച് വിജയരാഘവന്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയേണ്ടതില്ലെന്ന് ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

 വിജയരാഘവന്റെ പ്രസംഗത്തെ കുറിച്ച പ്രചരിക്കുന്നത് വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അത്തരം വ്യാഖ്യാനങ്ങള്‍ യുഡിഎഫിനെ ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെടുത്താനുളള ശ്രമങ്ങളാണ്. ഇത്തരം വൈകാരികമായ വിഷയങ്ങളെ ഉയര്‍ത്തിക്കാണിച്ചത് കൊണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ രക്ഷപ്പെടാന്‍ കഴിയില്ലെന്നും പി കെ ബിജു പറഞ്ഞു. 

കോണ്‍ഗ്രസിന് രാഷ്ട്രീയം പറയാനില്ല. ഇത് ഒരു രാഷ്ട്രീയ മണ്ഡലമാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ ഇനിയെങ്കിലും രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. അല്ലെങ്കില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുപോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. വൈകാരികമായി ചിന്തിപ്പിച്ച് ആലത്തൂര്‍ മണ്ഡലത്തിന്റെ ജനമനസ്സിനെ മാറി ചിന്തിപ്പിക്കാന്‍ കഴിയില്ല .വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം ജയിക്കുന്ന വിധിയാണ് ഉണ്ടാവുകയെന്നും ബിജു പറഞ്ഞു.