നികുതി അടച്ചില്ല; കെഎസ്ആര്‍ടിസി ബസ്സുകള്‍ ആര്‍ടിഒ പിടിച്ചെടുത്തു; ബംഗളൂരു സര്‍വീസുകള്‍ റദ്ദാക്കി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 04:54 PM  |  

Last Updated: 02nd April 2019 04:54 PM  |   A+A-   |  

 


തിരുവനന്തപുരം:  നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി  സ്‌കാനിയ ബസ്സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള ബംഗളരൂ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. 

മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. രണ്ട് ബംഗളൂരു സര്‍വീസുകളും ഒരു മൂകാംബിക സര്‍വീസുമാണ് റദ്ദാക്കിയത്. മൂന്ന് ബസ്സിലെയും മുഴുവന്‍ സീറ്റുകളും നേരത്തെ തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തതാണ്. പെട്ടന്നുളള റദ്ദാക്കല്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ കെഎസ്ആര്‍ടിസി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

പത്തുബസ്സുകളാണ് അഞ്ച് വര്‍ഷത്തേക്കായി കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഈ വാഹനങ്ങള്‍ റോഡ് നികുതി അടച്ചിട്ടില്ല. മൂന്ന് മാസം കൂടുമ്പോള്‍ നികുതി അടയ്ക്കണമെന്നാണ് നിയമം. നികുതി അടയ്ക്കാത്ത മറ്റു ബസ്സുകളും പിടിച്ചെടുക്കും. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ഒരു സ്്കാനിയ ബസ്സ് അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് നികുതി അടച്ചിട്ടില്ലെന്ന് വ്യക്തമായത്.