ശബരിമലയെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു, തെരഞ്ഞെടുപ്പില്‍ സമദൂരം തന്നെയെന്ന് എന്‍എസ്എസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 12:57 PM  |  

Last Updated: 02nd April 2019 02:37 PM  |   A+A-   |  

g-sukumaran-nair

കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്. തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളത്. എന്നാല്‍ ആചാരസംരക്ഷണ കാര്യത്തില്‍ വിശ്വാസ സമൂഹത്തോടൊപ്പമാണ് സമുദായം നിലകൊള്ളുന്നത്. ശബരിമലയെ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ അവസരമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും എന്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചു.

വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും മുഖപത്രമായ സര്‍വീസസില്‍ എന്‍എസ്എസ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ അധികാരവും ഖജനാവും ഉപയോ​ഗിച്ചു. അതേസമയം ശബരിമലയെ രാഷ്ട്രീയ ലാഭത്തിനായാണ് കോൺ​ഗ്രസും ബിജെപിയും ഉപയോ​ഗിച്ചതെന്നും എൻഎസ്എസ് വിമർശിച്ചു. 

ശബരിമലയില്‍ നിയമനടപടികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തി. നിയമനടപടിക്ക് തയ്യാറായത് യുഡിഎഫ് മാത്രമാണ്. ബിജെപിയുടേത് സമരം മാത്രമായിരുന്നുവെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. 

എൻഎസ്എസിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ വിശ്വാസികളുടെ കൂട്ടായ്‌മയും നാമജപ ഘോഷയാത്രയും നടന്നപ്പോൾ അതിനെ പരാജയപ്പെടുത്തുവാൻ അധികാരവും ഖജനാവും ഉപയോഗിച്ചുള്ള കുൽസിത മാർഗങ്ങളാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും സർവീസിലെ ലേഖനത്തിൽ പറയുന്നു.