യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; പ്രതികളായ ഭർത്താവിനേയും ഭർത‌ൃമാതാവിനേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവ് ചന്തുലാലിനേയും ഭര്‍തൃ മാതാവ് ​ഗിതാലാലിനേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; പ്രതികളായ ഭർത്താവിനേയും ഭർത‌ൃമാതാവിനേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി

കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവ് ചന്തുലാലിനേയും ഭര്‍തൃ മാതാവ് ​ഗിതാലാലിനേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് ഗീതാലാലിനെയും ചന്തുലാലിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ്. കൊല്ലപ്പെട്ട തുഷാര താമസിച്ചിരുന്ന വീട്ടില്‍ ചന്തുലാലിനെയും ഇയാളുടെ അമ്മ ഗീതാലാലിനെയും തെളിവെടുപ്പിനായി എത്തിച്ചു. 

ഇരുവരേയും വീട്ടിൽ കൊണ്ട് വന്നപ്പോള്‍ നാട്ടുകാര്‍ കൂകി വിളിച്ചു. വലിയ സുരക്ഷയിലാണ് പൂയപ്പള്ളി പൊലീസ് രണ്ട് പ്രതികളെയും സംഭവ സ്ഥലത്ത് എത്തിച്ചത്. യുവതി ഓയൂരിലെ വീട്ടില്‍ വച്ച് ദുര്‍മന്ത്രവാദത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. മന്ത്രവാദം നടത്തുന്ന സ്ഥലത്ത് പൊലീസ് പ്രതികളെ എത്തിച്ചു.

വലിയ വാള്‍ ഇവിടെ നിന്നും കണ്ടെത്തി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും പൊലീസ് ശേഖരിച്ചു. മരിച്ച തുഷാരയെ ഭക്ഷണം നല്‍കാതെ മൃതപ്രായയാക്കി മന്ത്രവാദക്കളത്തില്‍ ഇരുത്തിയിരുന്നതായി പ്രതികളെ പ്രാഥമികമായി ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് മനസിലായി. ഇവിടെ മന്ത്രവാദത്തിന് എത്തിയ ഇടപാടുകാരെ പൊലീസ് ചോദ്യം ചെയ്യും. കൂടുതല്‍ നാട്ടുകാരെ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിന്‍റെ സഹോദിയേയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 

‌കഴിഞ്ഞ മാസം 21 നാണ് 27 വയസുകാരിയായ തുഷാര മരിക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ 20 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവും ഭര്‍തൃമാതാവും തുഷാരയ്ക്ക് ആഹാരമായി നല്‍കിയിരുന്നത് പഞ്ചാസാര ലായനി ആയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com