രേഖകളില്ലാതെ കടത്തിയ ഏഴുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാ‍ഡ് പിടികൂടി; സംഭവം വയനാട് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 05:55 AM  |  

Last Updated: 02nd April 2019 05:55 AM  |   A+A-   |  

rbi

വയനാട്: രേഖകളില്ലാതെ സ്‌കൂട്ടറില്‍ കടത്താൻ ശ്രമിച്ച ഏഴുലക്ഷം രൂപ പിടികൂടി. വാഹന പരിശോധനയ്ക്കിടെ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാ‍ഡാണ് പണം പിടികൂടിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.  

മുന്നൂറ് 2000രൂപ നോട്ടുകളും ഇരുന്നൂറ് 500രൂപ നോട്ടുകളുമാണ് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്നത്. പേപ്പറിൽ പൊതിഞ്ഞാണ് പണം കടത്താൻ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത പണം തുടര്‍നടപടികള്‍ക്കായി കലക്ടറേറ്റിലെ ഫിനാന്‍സ് വിങിന് കൈമാറി. 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമോ നിയമ വിരുദ്ധ നടപടികളോ ഉണ്ടാകുന്നത് തടയാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയിലന്‍സ് ടീം, ആദായനികുതി പരിശോധന സ്‌ക്വാഡ് എന്നിവരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. അനധികൃത പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാ​ഗമായി വാഹനപരിശോധനയടക്കമുള്ളവ പതിവായി നടത്തും. 50,000 രൂപയില്‍ അധികം പണം കൈവശം  കൊണ്ടുനടക്കുന്നപക്ഷം പണത്തിന്റെ ഉറവിടം, ആവശ്യം തുടങ്ങിയ വിവരങ്ങൾ സാധൂകരിക്കുന്ന രേഖകൾകൂടി കരുതണമെന്ന് അധികൃതർ പറഞ്ഞു.