വെന്തുരുകി കേരളം, താപനില മൂന്ന് ഡിഗ്രിവരെ ഉയരും; ജാഗ്രതാനിർദേശം
By സമകാലികമലയാളം ഡെസ്ക് | Published: 02nd April 2019 06:58 AM |
Last Updated: 02nd April 2019 06:58 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. അതേസമയം വയനാട് ഒഴികെയുളള എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം ഇന്നുകൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനിലയിൽ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് വർധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്- 39 ഡിഗ്രി സെൽഷസ്. പുനലൂരിൽ 38 ഡിഗ്രിയും ആപ്പുഴയിൽ 37 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 36 ഉം കോട്ടയത്ത് 36.8 ഉം കോഴിക്കോട് നഗരത്തിൽ 36.3 ഡിഗ്രിയുമാണ് താപനില.
കനത്ത ചൂടിൽ സംസ്ഥാനത്ത് ഇന്നലെ 68 പേർക്കു സൂര്യാതപമേറ്റു. ആലപ്പുഴയിലാണു കൂടുതൽ– 34 പേർ. കോഴിക്കോട് (11), കൊല്ലം (8), എറണാകുളം (7), പാലക്കാട്, കോട്ടയം (3 വീതം), മലപ്പുറം, തൃശൂർ (1 വീതം) എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ സൂര്യാതപമേറ്റവർ.
കോട്ടയം പൊൻകുന്നം വിഴിക്കത്തോട്ടിൽ ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന പ്രവർത്തകന് സൂര്യാതപമേറ്റു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 44ാം ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് തെക്കേമുറിയിൽ രാജേന്ദ്രനാണ് സൂര്യാതപമേറ്റത്. ഇന്നലെ രാവിലെ 11 നാണ് നീറ്റലും പുകച്ചിലും പൊള്ളലും ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അമ്പലപ്പുഴയിൽ ബൈക്കിൽ സഞ്ചരിച്ച സഹോദരങ്ങൾക്കു സൂര്യാതപമേറ്റു. പുറക്കാട് കരൂർ തമ്പിനിവാസിൽ ഗോപകുമാർ (44), സുധീഷ് കുമാർ (38) എന്നിവർക്കാണ് സൂര്യാതപം ഏറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ ദേശീയപാതയിലൂടെ ഹരിപ്പാട് ഭാഗത്തേക്കു പോകുമ്പോഴായിരുന്നു സംഭവം. തോളിൽ പൊള്ളലേറ്റ ഇരുവരും അമ്പലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.