സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് കോടതി 

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു
സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് കോടതി 

കൊച്ചി : സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. ഫാ ജോഷി പാദുവ, ഇടനിലക്കാരന്‍ സാജുവര്‍ഗീസ് എന്നിവര്‍ക്കെതിരെയും തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. തുടര്‍നടപടികളുടെ ഭാഗമായി പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. 

സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയില്‍ വിവിധ പ്രദേശങ്ങളിലുളള ഭൂമികളുടെ വില്‍പ്പനയില്‍ കോടികളുടെ നഷ്ടം സഭയ്ക്കുണ്ടായെന്ന് കാണിച്ച് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ഇതില്‍ ഭാരത് മാതാ കോളേജിന് മുന്‍പിലുളള ഭൂമിയുടെ വില്‍പ്പനയില്‍ കോടികളുടെ നഷ്ടമുണ്ടായതായി ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. സഭയുമായി ബന്ധപ്പെട്ട വിവിധ സമിതികളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഇടപാടുകള്‍ നടത്തിയതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഹര്‍ജിക്കാരന്റെയും സാക്ഷിയുടെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഭൂമിഇടപാടുകളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കോടതി കേസെടുത്തത്. വ്യാജ രേഖ ഉണ്ടാക്കാല്‍, ഗൂഢാലോചന അടക്കമുളള വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ കോടതി ചുമത്തി. മെയ് മാസ് 22ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കാനും കോടതി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി കോടതി പ്രതികള്‍ക്ക് സമ്മന്‍സ് അയച്ചു. 

നേരത്തെ വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പ് 3 കോടി രൂപ പിഴ ചുമത്തിയിരുന്നു.ആദ്യഘട്ടമായി 51 ലക്ഷം രൂപ പിഴയായി സഭ അടച്ചു. വില്‍പ്പന നടത്തിയ ഭൂമിയുടെ ന്യായവില കുറച്ചുകാണിച്ചതിന്റെ പേരിലായിരുന്നു നടപടി. സെന്റിന് 16 ലക്ഷം രൂപ നിരക്കില്‍ കച്ചവടം നടത്തിയതിന്റെ കരാര്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ന്യായവില കുറച്ച് കാണിച്ച് 60 സെന്റ് വിറ്റതിന്റെ രേഖകളാണ് ലഭിച്ചത്. 
ഇതിന് പിന്നാലെയാണ് പിഴ ചുമത്തിയത്. 

ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. 2015ല്‍ സഭയ്ക്കുണ്ടായ കടം വീട്ടാനാണ് നഗരത്തില്‍ അഞ്ചിടങ്ങളിലായി 3 ഏക്കര്‍ ഭൂമി സെന്റിന് 9 ലക്ഷം രൂപ നിരക്കില്‍ 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തി. സഭയ്ക്ക് 9 കോടി രൂപ കൈമാറി. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ മുഖേന നാല്അഞ്ച് ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.സഭയ്ക്ക് ഇതുവഴി കോടികളുടെ നഷ്ടമുണ്ടായതായും കണ്ടെത്തിയിരുന്നു.

ആകെ വിറ്റ മൂന്നില്‍പരം ഏക്കറില്‍ ചില തുണ്ടുകള്‍ ഒരു ലക്ഷത്തില്‍ താഴെ വിലയിട്ടാണ് കൈമാറിയതെന്നും ആരോപണമുണ്ട്. അതിരൂപതയുടെ ഭൂമി വിറ്റു സാമ്പത്തിക നഷ്ടവും ബാധ്യതയും ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് സഭാ സുതാര്യസമിതി ഉള്‍പ്പെടെയുളള സംഘടനകള്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com