ആര് വന്നാലും ഓടുന്നവരല്ല ഞങ്ങള്‍, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍തന്നെ;  അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി വിജയന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 12:51 PM  |  

Last Updated: 03rd April 2019 12:51 PM  |   A+A-   |  

 

യനാട്ടില്‍ മത്സരിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കും- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്‍ഡിഎഫിന്റെ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ച വിവരം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കോണ്‍ഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ല. മുസ്‌ലിം വിഭാഗത്തെ ആക്രമിക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പോടെ സിപിഎം പ്രാദേശിക പാര്‍ട്ടിയാകുമെന്നും കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.