ഒളിക്യാമറയിൽ കുടുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ; കെട്ടിച്ചമച്ചതെന്ന് പ്രതികരണം (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 09:51 PM  |  

Last Updated: 03rd April 2019 10:00 PM  |   A+A-   |  

MK_Raghavan_Congress

 

കോഴിക്കോട്: യുഡിഎഫിന്റെ കോഴിക്കോട് സ്ഥാനാർത്ഥി എംകെ രാഘവൻ ഒളിക്യാമറയിൽ കുടുങ്ങി. ടിവി 9 ചാനൽ നടത്തിയ സ്റ്റിങ് ഓപറേഷനിലാണ് എംകെ രാഘവൻ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാൻ തന്റെ ‍‍ഡൽഹി ഓഫീസുമായി ബന്ധപ്പെടാൻ അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം പുറത്തു വരുന്ന വാർത്തകൾ രാഘവൻ നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പ്രതികരിച്ചു. തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എംകെ രാഘവൻ വ്യക്തമാക്കി. ഫെയ്ബുക്കിക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വീട്ടിലെത്തിയ രണ്ട് പേരുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ച് കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഇതില്‍ രണ്ട് കോടി രൂപ പാര്‍ട്ടി പണമായി നല്‍കിയെന്നും ബാക്കി താന്‍ തന്നെ കണ്ടെത്തുകയായിരുന്നെന്നും രാഘവന്‍ പറയുന്നു. വാഹനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വലിയ തുക ചെലവുണ്ടെന്നും രാഘവന്‍ പറയുന്നതായി വീഡിയോയിലുണ്ട്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഓപറേഷന്‍ ഭാരതവര്‍ഷ് എന്നു പേരിട്ടിരിക്കുന്ന ഒളിക്യാമറ ഓപറേഷന്റെ ഒരു പരമ്പര തന്നെ ടിവി 9 പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഇന്ത്യയിലെ നിരവധി മേഖലകളിലെ സ്ഥാനാര്‍ത്ഥികളും എംപിമാരുമായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കെളെ ഒളിക്യാമറയുമായി സമീപിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.