പ്രിയങ്കാ ​ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ , രാഹുൽ അൽപ്പ സമയത്തിനകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 09:14 PM  |  

Last Updated: 03rd April 2019 09:14 PM  |   A+A-   |  

 

കരിപ്പൂർ: പ്രവർത്തകരിൽ ആവേശം നിറച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. സഹോദരൻ രാഹുൽ ​ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നതിനോട് അനുബന്ധിച്ച് പത്രികാ സമർപ്പണത്തിനായാണ് പ്രിയങ്കയുടെ വരവ്. അൽപ്പ സമയത്തിനകം രാഹുൽ ​ഗാന്ധിയും എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ.

അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത ശേഷമാവും രാഹുൽ കോഴിക്കോടേക്ക് എത്തുക. കാർ മാർ​ഗം ​ഗസ്റ്റ് ഹൗസിലെത്തുന്ന ഇരുവരും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
 
ഇരുവരുടെയും സന്ദർശനം കണക്കിലെടുത്ത് കോഴിക്കോട് ​ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തിരുന്നു. രാവിലെ ഹെലികോപ്ടർ മാർ​ഗമാവും  കോൺ​ഗ്രസ് അധ്യക്ഷൻ വയനാട്ടിലേക്ക് പോവുക. റോഡ് മാർ​ഗം പോകണമെന്ന് രാഹുൽ താത്പര്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷ ബുദ്ധിമുട്ടാണെന്ന് സംരക്ഷണ സേന അറിയിക്കുകയായിരുന്നു.  11 മണിയോടെ കൽപ്പറ്റയിലെ കെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങും. പുത്തൂർ വയൽ എ ആർ ക്യാമ്പിലും ബത്തേരിയിലെ സെന്റ് മേരീസ് കോളെജ് ​ഗ്രൗണ്ടിലും രാഹുൽ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഇവിടെയും താത്കാലിക ഹെലിപാഡ് നിർമ്മിക്കുന്നുണ്ട്.